യുക്രൈനിൽ നിന്നും 247 മലയാളി വിദ്യാർത്ഥികളെ തിരികെ എത്തിച്ചു; പി ശ്രീരാമകൃഷ്ണൻ

കൊച്ചി: മാർച്ച് ഒന്ന് വരെ യുക്രൈനിൽ കുടുങ്ങിയ 247 മലയാളി വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ കഴിഞ്ഞെന്ന് നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. ഇന്ന് ഏഴ് വിമാനങ്ങൾ കൂടി യുക്രൈന്റെ സമീപരാജ്യങ്ങളിൽ നിന്നായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലും മുംബൈയിലുമായി എത്തുന്ന വിദ്യാർത്ഥികളെ കേരളത്തിലേക്ക് കൊണ്ടു വരാനായി ചാർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

3500-ലേറെ വിദ്യാർത്ഥികൾ യുക്രൈനിൽ നിന്നും മടങ്ങിയെത്താനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ 152 പേർ മാത്രമാണ് നോർക്കയിൽ രജിസ്റ്റർ ചെയ്ത ശേഷം യുക്രൈനിൽ പഠനത്തിനായി പോയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ കൃത്യമായ പേരുവിവരം നോർക്കയുടെ കൈയ്യിൽ ഇല്ല. വിദേശത്ത് പോകുന്ന എല്ലാവരും നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അതേസമയം, യുക്രൈനിൽ അകപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ അടുത്ത ദിവസം തന്നെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. യുക്രൈയിനിലെ ഇന്ത്യൻ എംബസിയുടെയും വിദേശകാര്യവകുപ്പിന്റെയും നോർക്ക റൂട്ട്‌സിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഇതിനകം നിരവധി മലയാളി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇന്ത്യയിൽ തിരിച്ചെത്തുന്നവരെ ഡൽഹിയിലും മുംബൈയിലും സ്വീകരിക്കാനും അവിടെ നിന്നും സൗജന്യമായി നാട്ടിലെത്തിക്കാനും എല്ലാ സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസറായി സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറിയെ നിയമിച്ച് ലെയ്‌സൺ ഓഫീസറുടെ ചുമതലയും നൽകിയെന്ന് അദ്ദേഹം വിശദമാക്കി.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രൈയിനിലുള്ളത്. അവരുടെ സുരക്ഷ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട എല്ലാവരും രാപകൽ ഇല്ലാതെ പരിശ്രമിച്ചു വരികയാണ്. ഈ ഘട്ടത്തിൽ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണം. പരിഭ്രാന്തി പടർത്താതെ ചുറ്റുമുള്ളവർക്ക് പ്രതീക്ഷ നൽകാനും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.