പദവികള്‍ മരവിപ്പിച്ചു; പുടിനെതിരെ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷനും

ബുഡാപെസ്റ്റ്: യുക്രൈനില്‍ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ വ്‌ളാദിമര്‍ പുടിന്റെ ഹോണററി പ്രസിഡന്റ്, അംബാഡസര്‍ സ്ഥാനങ്ങള്‍ മരവിപ്പിച്ച് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍. 2008 മുതല്‍ അസോസിയേഷന്റെ ഹോണററി പ്രസിഡന്റാണ് പുടിന്‍.

ജൂഡോയിലെ പരമോന്നത അംഗീകാരങ്ങള്‍ പലതും സ്വന്തമാക്കിയ വ്യക്തിയാണ് പുടിന്‍. പുടിന്‍ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്റെ ഏറ്റവും ഉചിതമായ അംബാസിഡറാണെന്ന് ഐജെഎഫ് തലവന്‍ മര്യൂസ് വിസര്‍ 2014ല്‍ പ്രശംസിച്ചിരുന്നു. യുക്രൈന് മേലുള്ള അധിനിവേശത്തിന്റെ പേരില്‍ റഷ്യക്ക് അന്താരാഷ്ട്ര കായികസമൂഹം ഏര്‍പ്പെടുത്തുന്ന പലവിധ ഉപരോധങ്ങളുടെയും വിലക്കുകളുടേയും തുടര്‍ച്ചയാണ് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്റെ നീക്കം.

റഷ്യ വേദിയാവേണ്ടിയിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, ഫോര്‍മുല വണ്ണിലെ റഷ്യന്‍ ഗ്രാന്‍പ്രിക്‌സ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. റഷ്യക്കെതിരെ ഫിഫയും ഉപരോധം ഏര്‍പ്പെടുത്തി