മലപ്പുറം: മുസ്ലിംലീഗ് നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേവലം രാഷ്ട്രീയ, ആത്മീയ സാമുദായിക നേതാവ് മാത്രം ആയിരുന്നില്ല പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. ഇടപഴകുന്ന ഇടങ്ങളില്‍ എല്ലാം നിരുപാധിക സ്നേഹ ചൈതന്യം പ്രസരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ തങ്ങളെ കാണാന്‍ ദിവസവും നൂറുകണക്കിന് പേരാണ് എത്തിയിരുന്നത്. തര്‍ക്കങ്ങള്‍, ഉല്‍കണ്ഠകള്‍, ആധികള്‍ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ അദേഹം പരിഹരിച്ചു. സാമൂഹ്യ സേവനത്തിന്റെ വേറിട്ട ഒരു ചരിത്രം ആയിരുന്നു അത്. എണ്ണമറ്റ മഹല്ലുകളുടെ ഖാസി ആയി, നിരവധി സ്ഥാപനങ്ങളുടെ മേധാവിയായി, യാതൊരു ആക്ഷേപങ്ങള്‍ക്കും ഇട നല്‍കാത്ത വിധം ശിഹാബ് തങ്ങള്‍ പ്രവര്‍ത്തിച്ചു’- മുഖ്യമന്ത്രി പറഞ്ഞു. തിരൂരിലെ മുഹമ്മദലി ശിഹാബ് തങ്ങള്‍ സഹകരണ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രി മുതല്‍കൂട്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘മുസ്ലിംലീഗിന്റെ അധ്യക്ഷന്‍ എന്ന രാഷ്ട്രീയ പദവിയില്‍ ഇരുന്നപ്പോഴും തന്റെ വെളുത്ത വസ്ത്രത്തില്‍ ഒരിറ്റ് കറ പുരളാതിരിക്കാന്‍ അദ്ദേഹം ജാഗ്രത കാട്ടി. ഇതൊക്കെ കൊണ്ടാണ് മുസ്ലിം സമൂഹത്തിന് മാത്രമല്ല, കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സമാദരണീയന്‍ ആകാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ജീവിത കാലം മുഴുവന്‍ ആശരണരും നിരാലംബരുമായ ജനങ്ങള്‍ക്ക് വേണ്ടി നില കൊണ്ട അദ്ദേഹത്തിന് ഈ നാട് നല്‍കുന്ന ഉചിതമായ സ്മാരകം ആണ് ഈ ആശുപത്രി. മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാനവികതയുടെ പാരമ്ബര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഈ സ്ഥാപനത്തിന് സാധിക്കണമെന്ന് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഈ ആശുപത്രിയെ ഓര്‍മ്മിപ്പിക്കട്ടെ ‘- പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിശ്വമാനവികതയുടെ പ്രതീകമാണ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന് മന്ത്രി വി എന്‍ വാസവനും പറഞ്ഞു.

