കൊവിഡ് നാലാം തരംഗം ജൂണില്‍?

രാജ്യത്ത് കൊവിഡ് നാലാം തരംഗം ജൂണ്‍ മാസത്തിലെന്ന് ഐഐടി കാന്‍പൂര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

2022 ജൂണ്‍ 22 മുതല്‍ ആരംഭിച്ച് 2022 ഓഗസ്റ്റ് 23 ന് നാലാം തരംഗം അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും 2022 ഒക്ടോബര്‍ 24 ന് അവസാനിക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു. കുറഞ്ഞത് നാല് മാസമെങ്കിലും നീണ്ടു നില്‍ക്കുമെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.

കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ മൂന്നാം തരംഗത്തെക്കുറിച്ച് പ്രവചിച്ചത് തീയതികളില്‍ നേരിയ വ്യതിയാനത്തോടെ വളരെ കൃത്യമായി തന്നെ വന്നിരുന്നു. ഇന്ത്യയില്‍ കൊവിഡിന്റെ നാലാമത്തെ തരംഗത്തെക്കുറിച്ചുള്ള പ്രവചനം നടത്താന്‍, ഐഐടി കാണ്‍പൂരിലെ മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെ ഗവേഷകരായ സബറ പര്‍ഷാദ് രാജേഷ്ഭായി, സുബ്ര ശങ്കര്‍ ധര്‍, ശലഭ് എന്നിവര്‍ തങ്ങളുടെ പ്രവചനത്തിനായി സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലാണ് ഉപയോഗിച്ചത്.