ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണം തലക്കേറ്റ പരിക്ക് മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ മരണപ്പെട്ട ട്വന്റി 20 പ്രവർത്തകൻ സി.കെ.ദീപുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്‌ക്കേറ്റ പരിക്ക് കാരണമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ശരീരത്ത് പലയിടത്തും മുറിവേറ്റ പാടുകളുണ്ടെന്നും നെഞ്ചിൽ രക്തസ്രാവമുണ്ടായിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പുറം കയ്യിലും നെഞ്ചിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.

തലയ്ക്കു മർദനമേറ്റതിനെ തുടർന്നുണ്ടായ രക്തസ്രാവമാണ് ദീപുവിന്റെ മരണ കാരണമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ദീപുവിന് ഗുരുതരമായ കരൾ രോഗമുണ്ടായിരുന്നെന്നും അതാണ് മരണകാരണമെന്നും വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളും ശക്തമാക്കിയിരുന്നു. തുടർന്നാണ് ദീപുവിന്റെ പോസ്റ്റ്‌മോർട്ടം കോട്ടയത്തു നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടത്.

ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ നടന്ന വിളക്കണയ്ക്കൽ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലാണ് ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്.

മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപു ചികിത്സയിൽ കഴിയുകയായിരുന്നു. കുന്നത്തുനാട് എം എൽ എ ശ്രീനിജനെതിരെയായിരുന്നു ട്വന്റി ട്വന്റി വിലക്കണക്കൽ സമരം സംഘടിപ്പിച്ചത്. ആക്രമവുമായി ബന്ധപ്പെട്ട് ബഷീർ, സൈനുദ്ദീൻ, അബ്ദുറഹ്മാൻ, അബ്ദുൾ അസീസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.