തിരുവനന്തപുരം: എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തിൽപ്പെടുന്ന നാടാർ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തും. 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവ്വീസ് റൂൾസിൽ 2021 ആഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുന്നവിധം ഭേദഗതി കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ പെടുത്തി 2021 ഫെബ്രുവരി 6 ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് ഒ.ബി.സി പട്ടികയിൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നതിന് അധികാരമില്ലെന്നും അതു റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തതിനെത്തുടർന്ന് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടനയുടെ 127 ാമത് ഭേദഗതി ബില്ല് പാർലമെന്റ് പാസ്സാക്കിയതിനെ തുടർന്ന് സമൂഹത്തതിൽ പിന്നാക്കം നിൽക്കുന്ന സമുദായങ്ങളെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ ലഭിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഹരിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള കെട്ടിടങ്ങൾക്ക് ഗ്രീൻ റേറ്റിംഗും ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷനും അനുവദിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം അംഗീകരിച്ചു. കെട്ടിടങ്ങളുടെ ക്ലാസിഫിക്കേഷൻ, നൽകാൻ ഉദ്ദേശിക്കുന്ന ഇൻസെന്റീവുകൾ, സർട്ടിഫിക്കേഷനുള്ള നടപടിക്രമം എന്നിവയാണ് തീരുമാനിച്ചത്.
ബാർ ഹോട്ടലുകളിലൂടെയുള്ള മദ്യവിൽപനയുടെ വിറ്റുവരവ് നികുതി ഏകീകരിക്കാൻ തീരുമാനിച്ചു. എഫ് എൽ ത്രീ, എഫ് എൽ ടു ലൈസൻസുള്ള ബാർ ഹോട്ടലുകൾക്കും ഷോപ്പുകൾക്കും ആദ്യഘട്ട ലോക്ഡൗണിനു ശേഷം 22/05/2020 മുതൽ 21/12/2020 വരെയും രണ്ടാംഘട്ട ലോക്ഡൗണിനു ശേഷം 15/06/2021 മുതൽ 25/09/2021 വരെയും കാലയളവിലെ വിറ്റുവരവ് നികുതിയാണ് നിബന്ധനകൾക്കു വിധേയമായി 5 ശതമാനമായി കുറച്ചു നൽകാൻ തീരുമാനിച്ചത്.
കുടിശ്ശിക നികുതി സംബന്ധിച്ച റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി 31/03/2022 വരെ ദീർഘിപ്പിച്ചു. കുടിശ്ശിക അടച്ചു തീർക്കുന്നതിന് 30/04/2022 വരെ സമയം അനുവദിച്ചു. ആനക്കാംപൊയിൽ – കല്ലാടി – മേപ്പാടി ടണൽ റോഡിന്റെ നിർമ്മാണത്തിന്റെ എസ്.പി.വി ആയ കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് സമർപ്പിച്ച പുതുക്കിയ ഡി.പി.ആർ അംഗീകരിച്ചു. കിഫ്ബിയിൽ നിന്നും ഫണ്ട് ലഭ്യമാക്കി 2,043.74 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയ്ക്ക് പുതുക്കിയ ഭരണാനുമതി നൽകാനും തീരുമാനിച്ചു.
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിലെ ഓഫീസർ കാറ്റഗറിയിലെ ജീവനാക്കാർക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ പ്രസ്തുത ശമ്പളപരിഷ്‌കരണ കാലയളവിൽ സർവ്വീസിലുണ്ടായിരുന്ന വിരമിച്ച ജീവനക്കാർക്കും അനുവദിക്കാൻ തീരുമാനിച്ചു. കൊട്ടാരക്കര, മയ്യനാട്, ആറ്റിങ്ങൽ, ചാത്തന്നൂർ എന്നീ സർക്കാർ ഐ.ടി.ഐകളിൽ രണ്ട് യൂണിറ്റുകൾ വീതമുള്ള ഡ്രൈവർ കം മെക്കാനിക്ക് ട്രേഡ് ആരംഭിക്കും. 8 ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകൾ സൃഷ്ടിക്കാനും അനുമതി നൽകി.
ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ കാലാവധി 01/02/2022 മുതൽ 31/03/2022 വരെ ദീർഘിപ്പിക്കാനും തീരുമാനിച്ചു.

