കെപിഎസി ലളിതയുടെ വിയോഗം; അനുശോചനം അറിയിച്ച് താരങ്ങൾ

തിരുവനന്തപുരം: നടി കെപിഎസി ലളിതയുടെ വേർപാടിൽ അനുശോചനം അറിയിച്ച് താരങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, നവ്യാ നായർ, നമിതാ പ്രമോദ് തുടങ്ങി നിരവധി താരങ്ങൾ കെപിഎസി ലളിതയ്ക്ക് അനുശോചനം അറിയിച്ചു. വളരെ, വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായെന്ന് മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. നഷ്ടമായത് സ്വന്തം ചേച്ചിയെയാണെന്ന് മോഹൻലാൽ വ്യക്തമാക്കി. ഒരുപാട് സിനിമകളിൽ ഒരുമിച്ചഭിനയിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാളാണ് വിടപറഞ്ഞതെന്ന് നടി മഞ്ജു വാരിയർ പ്രതികരിച്ചു. ചേച്ചി എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മയുടെ മുഖമായിരുന്നുവെന്നും മഞ്ജു വ്യക്തമാക്കി. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ടെന്നും മഞ്ജു കൂട്ടിച്ചേർത്തു.

‘മോഹൻലാൽ ‘ എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്‌നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട നൽകുന്നുവെന്ന് മഞ്ജു വാര്യർ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

തന്റെ സഹപ്രവർത്തകയല്ല , സ്‌നേഹിതയായിരുന്നു, അമ്മയായിരുന്നു കെപിഎസി ലളിതയെന്ന് നവ്യാനായർ അനുസ്മരിച്ചു. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോൾ നിശ്ശബ്ദയായി പോകുന്നുവെന്നും നവ്യാ നായർ വ്യക്തമാക്കി. മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു കെപിഎസി ലളിതയുടെ ആഗ്രഹം അതങ്ങനെ തന്നെ നടന്നുവെന്നും നവ്യാ നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇൻഡസ്ട്രിക്കും വ്യക്തിപരമായി തനിക്കും കെപിഎസി ലളിതയുടെ വിയോഗം എത്രത്തോളം വലിയ നഷ്ടമാണെന്ന് വാക്കുകൾക്ക് വിവരിക്കാനാവില്ലെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഒരു അഭിനേത്രി എന്ന നിലയിൽ കെപിഎസിയുടെ ആദ്യ സിനിമ മുതൽ ഉദയയുമായി ബന്ധപ്പെട്ടിരിക്കുന്നു. താൻ ഒരു അഭിനേതാവായി അവതരിപ്പിച്ച തന്റെ ആദ്യ സിനിമയിൽ തന്നെ അവർ ഉണ്ടായിരുന്നു. പിന്നെയും ഒരുപാട് സിനിമകൾക്കായി ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു, അവിടെ എന്റെ പ്രിയപ്പെട്ട അമ്മയും മുത്തശ്ശിയുമായിരുന്നു. താൻ ആദ്യമായി നിർമ്മാതാവായി മാറിയ ഉദയ, ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രൊഡക്ഷനിലേക്ക് വന്നപ്പോൾ അവിടെയും കെപിഎസി ലളിതയുണ്ടായിരുന്നു. എനിക്കും എന്റെ കുടുംബത്തിനും എല്ലായ്പ്പോഴും ഒരു അഭ്യുദയകാംക്ഷിയാണ്, ഒരു സഹനടനെന്നതിലുപരികുടുംബത്തെപ്പോലെയായിരുന്നു. കെപിഎസി ലളിതയുടെ അനുഗ്രഹം ലഭിക്കാൻ തന്റെ മകന് ഭാഗ്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.