ഇന്ത്യന്‍ വോളിബോളില്‍ കപ്പുയര്‍ത്തി കേരള വനിതകള്‍

ഭുവനേശ്വര്‍: ഇന്ത്യന്‍ വോളിബോളില്‍ താരങ്ങളായി കേരള വനിതകള്‍. ഫെഡറേഷന്‍ കപ്പില്‍ റെയില്‍വേസിനെ കീഴടക്കി കേരളം കപ്പുയര്‍ത്തിയപ്പോള്‍ അത് ഹാട്രിക് കിരീടമായി. റൗണ്ട് റോബിന്‍ ലീഗിലെ അവസാനകളിയില്‍ 25-19, 25-19, 25-16 എന്ന സ്‌കോറിനാണ് റെയില്‍വേയെ കീഴടക്കിയത്.

ലിബറോ അശ്വതി രവീന്ദ്രന്‍, അറ്റാക്കര്‍മാരായ അനുശ്രീ, ശരണ്യ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം വിജയത്തില്‍ നിര്‍ണായകമായി. ആദ്യ രണ്ടു സെറ്റിലും കടുത്ത പോരാട്ടം നടന്നു. മൂന്നാം സെറ്റില്‍ റെയില്‍വേ തുടക്കത്തില്‍ ലീഡെടുത്തെങ്കിലും പൊരുതിക്കയറിയ കേരള ടീം സെറ്റും കപ്പും സ്വന്തമാക്കി. ഒറ്റ മത്സരത്തിലും പരാജയപ്പെടാതെയാണ് കേരളം ജേതാക്കളായത്. ഹിമാചല്‍പ്രദേശ്, ബംഗാള്‍, ഒഡിഷ ടീമുകളെ നേരത്തേ കീഴടക്കി.

ദേശീയവോളിയില്‍ തുടര്‍ച്ചയായി നാലാം തവണയും കിരീടം നേടിയ കേരള വനിതകള്‍ ഫെഡറേഷന്‍കപ്പിലും വിജയം നേടി. ഇതോടെ സീസണില്‍ ടീമിന് ഇരട്ടക്കിരീടമായി. എസ്. സൂര്യയാണ് ടീമിനെ നയിച്ചത്. സി.എസ്. സദാനന്ദനാണ് ടീമിന്റെ മുഖ്യപരിശീലകന്‍.