സ്‌കൂളുകള്‍ പൂര്‍ണതോതിലേക്ക്; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

നിര്‍ദ്ദേശങ്ങള്‍ അറിയാം…

സ്‌കൂളും പരിസരവും പൂര്‍ണമായി വൃത്തിയാക്കി അണുനശീകരണം നടത്തണം. ശുദ്ധജല ടാങ്കും കിണറും പാചകപ്പുരയും വാഹനങ്ങളും അടക്കം വൃത്തിയാക്കണം.

ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷ പ്രത്യേകം ഉറപ്പാക്കണം.

സ്‌കൂള്‍, ക്ലാസ് പിടിഎകള്‍ ചേരണം. കുട്ടികള്‍ പാലിക്കേണ്ട കോവിഡ് ചട്ടങ്ങള്‍ രക്ഷിതാക്കളെയും ബോധ്യപ്പെടുത്തണം.

ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, പൊലീസ്, എക്‌സൈസ് പ്രതിനിധികള്‍ ഒരുമിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.

ലഹരി മാഫിയയ്‌ക്കെതിരെ പൊലീസും എക്‌സൈസും പ്രത്യേക ജാഗ്രത പുലര്‍ത്തണം.

തെര്‍മല്‍ സ്‌കാനര്‍ വേണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം ഉറപ്പാക്കണം.

സ്‌കൂള്‍ സമയത്ത് ക്ലാസ് മുറികളും ഹാളുകളും പൂര്‍ണമായി തുറന്നിട്ടു വായുസഞ്ചാരം ഉറപ്പു വരുത്തണം.

കുട്ടികളുടെ ആരോഗ്യം, കോവിഡ് വിവരങ്ങള്‍, വീട്ടിലെ സ്ഥിതി, യാത്രാസൗകര്യം തുടങ്ങിയ കാര്യങ്ങള്‍ ക്ലാസ് ടീച്ചര്‍മാര്‍ ശേഖരിക്കണം. ഓരോ വിഷയത്തിലും കുട്ടികളുടെ ഇപ്പോഴുള്ള പഠനനിലവാരം രേഖപ്പെടുത്തണം.

കുട്ടികള്‍ക്കു മാനസിക പിന്തുണയ്ക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കണം.

നാളെമുതല്‍ പുതിയ ടൈംടേബിള്‍ വേണം. അധ്യാപകരുടെ ചുമതലാ വിഭജനവും പൂര്‍ത്തിയാക്കണം.

പാഠഭാഗങ്ങള്‍ നിശ്ചിത സമയത്തിനകം തീര്‍ക്കണം. അധ്യാപകര്‍ കോവിഡ് ബാധിച്ച് അവധിയിലാണെങ്കില്‍ പകരം താത്കാലിക അധ്യാപകരെ നിയമിക്കാം.

ഓണ്‍ലൈന്‍ ക്ലാസ് നിര്‍ബന്ധമില്ല. ആവശ്യമെങ്കില്‍ തുടരാം. ഭിന്നശേഷിക്കാര്‍ക്കും ആരോഗ്യപരമായ കാരണങ്ങളാല്‍ വീട്ടില്‍ കഴിയുന്ന കുട്ടികള്‍ക്കും പഠനത്തിനു പിന്തുണ നല്‍കണം.

ഉച്ചഭക്ഷണം നല്‍കണം. കുട്ടികളുടെ സ്‌കോളര്‍ഷിപ്പും ഗ്രാന്റും ഉറപ്പാക്കാനും നടപടി വേണം.

പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളവരും സ്‌കൂളില്‍ പോകരുത്. കുട്ടികള്‍, അധ്യാപകര്‍, അനധ്യാപകര്‍, സ്‌കൂള്‍ ബസ് ജീവനക്കാര്‍, കുട്ടികളെ സ്‌കൂളില്‍ വിടാന്‍ വരുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും ഇതു ബാധകമാണ്.

അധ്യാപകര്‍, അനധ്യാപകര്‍, സ്‌കൂള്‍ ബസ് ജീവനക്കാര്‍ എന്നിവര്‍ രണ്ടു ഡോസ് വാക്‌സീനും എടുത്തിരിക്കണം.

15 വയസ്സിനു മുകളിലുള്ള എല്ലാ വിദ്യാര്‍ഥികളും വാക്‌സീനെടുക്കണം.

വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിച്ചു മാത്രം വീട്ടില്‍ നിന്നിറങ്ങുക. നനഞ്ഞതോ ഉപയോഗക്ഷമമല്ലാത്തതോ ആയ മാസ്‌ക് ധരിക്കരുത്. യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.

കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളില്‍ തൊടരുത്.

പഠനോപകരണങ്ങള്‍, ഭക്ഷണം, വെള്ളം എന്നിവ പങ്കുവയ്ക്കരുത്.

ഭക്ഷണം കഴിക്കുമ്പോള്‍ 2 മീറ്റര്‍ അകലം പാലിക്കുക; സംസാരം ഒഴിവാക്കുക. കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടരുത്.

ശുചിമുറിയില്‍ പോയ ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചു വൃത്തിയാക്കുക.

ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുളള ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടുക.

തിരികെ വീട്ടിലെത്തുമ്പോള്‍ കുളിച്ചശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

മാസ്‌ക്കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ചു കഴുകി വൃത്തിയാക്കണം.

എന്തെങ്കിലും രോഗലക്ഷണമുണ്ടായാല്‍ വീട്ടില്‍ മാക്‌സ് ഉപയോഗിക്കണം.