വിദേശ വാക്സിന് കമ്പനികള്‍ക്ക് ഇന്ത്യയില്‍ വാക്സിന് നിര്‍മിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ലെന്ന കാര്യം വെളിപ്പെടുത്തി ആരോഗ്യ മന്ത്രാലയം. മോഡേണയും ഫൈസറും അടക്കമുള്ള യു.എസ്. കമ്പനികള്‍ ഇന്ത്യയെയാണ് വലിയ വിപണിയായി കണ്ടിരുന്നത്. വിദേശ വാക്സിന്റെ സഹായമില്ലാതെ 136 കോടിയിലധികം ജനങ്ങള്‍ക്ക് വാക്സിന് നല്കാന് ഇന്ത്യയ്ക്ക് ഒരിക്കലും കഴിയില്ലെന്നായിരുന്നു ഇവരുടെ വിലയിരുത്തല്‍. വിദേശ ഫാര്‍മ കമ്പനികളുടെ പിടിവാശിയും പണക്കൊഴുപ്പുമാണ് ഇതരം ചിന്താഗതിക്കു പിന്നിലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൊവിഡ് കാലത്ത് പോലും മറ്റു രാജ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്താന്‍ രാജ്യം തയ്യാറല്ലായിരുന്നുവെന്നാണ് ഇത്തരം പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
‘ഇന്ത്യയില്‍ വാക്സിന് വില്ക്കണമെങ്കില് വിദേശ കമ്പനികള്‍ ഇന്ത്യന്‍ മണ്ണില്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് വാക്സിന് ഉല്പ്പാദിപ്പിക്കണമെന്നു സര്‍ക്കാര്‍ ആഗ്രഹിച്ചു. പക്ഷേ അവരാരും അതിന് തയ്യാറായില്ല. മാത്രമല്ല, തങ്ങളുടെ മരുന്നുകള്‍ ഇന്ത്യയ്ക്കു നല്‍കുന്നതിന് നിരവധി നിബന്ധനകളും വ്യവസ്ഥകളും അവര്‍ മുന്നോട്ടുവച്ചു. പൂര്‍ണമായും തദ്ദേശീയമായ വാക്സിനുകളിലേക്ക് പോകുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കഠിനമായ തീരുമാനമായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് അത് വിജയകരമായി പൂര്‍ത്തികരിക്കാന്‍ സാധിച്ചു.’- കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

