ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായി നിയമിച്ചു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായി നിയമിച്ച് സർക്കാർ. ബാലമുരളിയാണ് നേരത്തെ ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്. അദ്ദേഹത്തെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. നിലവിൽ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയുടെ ചുമതലയാണ് ശ്രീറാം വെങ്കിട്ടരാമനുള്ളത്.

മാദ്ധ്യമപ്രവർത്തനായ കെ എം ബഷീറിന്റെ കൊലപാതക കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. 2019 ഓഗസ്റ്റ് 3 ന് പുലർച്ചെയാണ് ബഷീർ മരിക്കാനിടയായ വാഹനാപകടം നടന്നത്. അപകടം നടക്കുമ്പോൾ ശ്രീറാം മദ്യപിച്ചാണ് കാറോടിച്ചിരുന്നത്. കേസിൽ വിചാരണ നേരിടവേ ആറ് മാസത്തേക്ക് ശ്രീറാമിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

2020 മാർച്ച് മാസം ആണ് അദ്ദേഹത്തെ വീണ്ടും സർവ്വീസിലേക്ക് തിരിച്ചെടുത്തത്. കോവിഡ്-19 സ്പെഷ്യൽ ഓഫീസറായി ആരോഗ്യവകുപ്പിലായിരുന്നു നിയമനം. വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലും ശ്രീറാമിന് ഉയർന്ന പദവിയിലുള്ള ചുമതലകൾ നൽകുന്നതിൽ സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.