തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച സമയത്ത് ദിലീപിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ടെന്ന് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ ഇക്കാര്യം വെളിപ്പെടുത്തിയത്.
ജയിൽ ഡി.ജി.പിയായിരിക്കെ ദിലീപിന് സൗകര്യങ്ങൾ ചെയ്തു നൽകിയെന്ന് ശ്രീലേഖയ്‌ക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണങ്ങൾ സൂചിപ്പിച്ചു കൊണ്ടുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആർ ശ്രീലേഖ. ദിലീപിന് വേണ്ട സൗകര്യങ്ങൾ ചെയ്ത് നൽകാൻ പ്രേരിപ്പിച്ചത് അവിടെ കണ്ട കരളലിയിപ്പിക്കുന്ന കാഴ്ച്ചകളാണെന്നാണ് ശ്രീലേഖ പറയുന്നത്.
അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലിൽ പോകുന്നത്. ജയലിനുള്ളിൽ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ മൂന്ന് നാല് ജയിൽ വാസികൾക്കൊപ്പമാണ് ദിലീപ് കിടക്കുന്നത്. അദ്ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വീണു പോയി. സ്‌ക്രീനിൽ കാണുന്നയാളാൾ തന്നെയാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥയായിരുന്നു ദിലീപിന്റേതെന്നും ശ്രീലേഖ വ്യക്തമാക്കി.
തനിക്ക് പെട്ടെന്ന് മനസലിയും. അതിനാൽ തന്നെ താൻ ദിലീപിനെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയിൽ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. പിന്നീട് രണ്ട് പായയും, ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരിയാക്കാൻ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാനുള്ള ഏർപ്പാടുകളും ചെയ്തിരുന്നു. സാധാരണ തടവുകാരനാണെങ്കിലും ഇക്കാര്യങ്ങൾ ചെയ്യുമെന്നും മൂന്നാം മുറ ഏറ്റ ഒരു കൊലപാതക കേസ് പ്രതിയെ ഇതു പോലെ പരിഗണിച്ചിട്ടുണ്ടെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

