ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ കൊമ്പന്മാരും എടികെ മോഹന്‍ ബഗാനും ഇന്ന് നേര്‍ക്കു നേര്‍. നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് മോഹന്‍ ബഗാന്‍. ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തും. ഇന്ന് ജയിച്ചാല്‍ ബഗാന് ഒന്നമതെത്താം. ബ്ലാസ്റ്റേഴ്സിന് ജയിച്ചാല്‍ ജംഷഡ്പൂര്‍ എഫ്സിയെ പിന്തള്ളി മൂന്നാമതെത്താം.
നിലവില്‍ 15 മത്സരങ്ങളില്‍ 29 പോയിന്റാണ് ബഗാന്. ബ്ലാസ്റ്റേ്സിന് ഇത്രയും മത്സങ്ങളില്‍ 26 പോയിന്റുണ്ട്. 16 മത്സരങ്ങളില്‍ 29 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയാണ് ഒന്നാം സ്ഥാനത്ത്. ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യ പാദത്തില്‍ മോഹന്‍ ബഗാനായിരുന്നു ജയം. അന്ന് രണ്ടിനെതിരെ നാല് ഗോളിന് കൊല്‍ക്കത്തകാര്‍ കൊമ്പന്മാരെ തകര്‍ത്തു. ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണെന്ന് കഴിഞ്ഞ ദിവസം കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു.
പരിക്ക് മാറി തിരിച്ചുവന്ന കെ പി രാഹുല്‍ ഇന്നും കളിക്കാനിടയില്ല. സസ്പെന്‍ഷനിലായ ലെസ്‌കോവിച്ചും ഹര്‍മന്‍ജോത് ഖബ്രയും ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തിയേക്കും ഇതോടെ പ്രതിരോധം ശക്തിപ്പെടും. മുന്‍ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കാനെതിരെ കളിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബഗാന്റെ പ്രതിരോധത്തില്‍ ജിങ്കാനുണ്ടാവും. സീസണില്‍ ആദ്യമായിട്ടാണ് ജിങ്കാന്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങുന്നത്.

