പ്രണവ് മോഹൻലാൽ മാദ്ധ്യമങ്ങളിൽ നിന്നും അകലം പാലിക്കാനുള്ള കാരണം ഇതാണ്; വെളിപ്പെടുത്തലുമായി മോഹൻലാൽ

യുവതാരനിരയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് പ്രണവ് മോഹൻലാൽ. ഹൃദയം, കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയവയാണ് പ്രണവ് പ്രധാന വേഷത്തിലെത്തിയ ചിത്രങ്ങൾ. എന്നാൽ ഈ ചിത്രങ്ങളുടെ പ്രമോഷനുകൾക്കൊന്നും പ്രണവിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. മാദ്ധ്യമങ്ങളിൽ നിന്നും പ്രണവ് അകലം പാലിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ.

പ്രണവിന്റേത് ഉൾവലിഞ്ഞു നിൽക്കുന്ന സ്വഭാവമാണെന്ന് മോഹൻലാൽ പറയുന്നു. താനും ആദ്യകാലത്ത് ഷൈ ആയിരുന്നെന്നും എന്നാൽ പ്രണവിന് അത് കുറച്ച് കൂടുതലാണെന്നും മോഹൻലാൽ വ്യക്തമാക്കി. സാധാരണ ജീവിതം നയിക്കാൻ പ്രണവിന് സാധിക്കുന്നുണ്ട്. അയാൾ ഉൾവലിഞ്ഞ് നിൽക്കുന്ന ഒരാളാണ്. ഇൻട്രോവേർട്ട് എന്ന് പറയില്ല. എന്തിനാണ് ഞാൻ വരുന്നതെന്ന് പ്രണവ് ചോദിക്കുമെന്നും അതൊരു വലിയ ചോദ്യമാണെന്നും മോഹൻലാൽ വെളിപ്പെടുത്തി.

പ്രണവ് മോഹൻലാൽ ആദ്യമായി നായകവേഷത്തിലെത്തിയ ആദി സിനിമയുടെ പ്രമോഷന്റെ ഭാഗമാകാതെ പ്രണവ് ഹിമാലയത്തിലേക്ക് യാത്ര പോയത് വലിയ വാർത്തയായിരുന്നു. ഹൃദയം സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ ചടങ്ങിൽ ആളുകൾക്ക് മുന്നിലേക്ക് നിൽക്കാതെ പിന്നിലേക്ക് ഒഴിഞ്ഞുമാറുന്ന പ്രണവിന്റെ വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.