ഐഎസ്എല്ലില്‍ ബംഗളൂരുവിനെ പരാജയപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്‌

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ലീഡ് വഴങ്ങിയ ശേഷമായിരുന്നു ബംഗളൂരുവിന്റെ തോല്‍വി. ഡെഷോണ്‍ ബ്രൗണ്‍, ലാല്‍ഡന്‍മാവിയ റാല്‍റ്റെ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ നേടിയത്. കെയ്റ്റണ്‍ സില്‍വയുടെ വകയായിരുന്നു ബംഗളൂരുവിന്റെ ഏകഗോള്‍.

പന്തടക്കത്തില്‍ ബംഗളൂരുവിനായിരുന്നു മുന്‍തൂക്കമെങ്കിലും കൂടുതല്‍ ഷോട്ടുകല്‍ പായിച്ചത് നോര്‍ത്ത് ഈസ്റ്റായിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 66-ാം മിനിറ്റില്‍ സില്‍വയുടെ ഗോളില്‍ ബംഗളൂരു മുന്നിലെത്തി. ഡാനിഷ് ഫറൂഖ് ഭട്ടാണ് സഹായമെത്തിച്ചത്. എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. 74-ാം മിനിറ്റില്‍ ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പെത്തിച്ചു. ജോ സൊഹര്‍ലിയാനയാണ് നോര്‍ത്ത് ഈസ്റ്റിന് സമനില ഗോളിന് അസിസ്റ്റ് നല്‍കിയത്. അധികം വൈകാതെ നോര്‍ത്ത് ഈസ്റ്റ് ലീഡെടുത്തു. 80-ാം മിനിറ്റിലായിരുന്നു റാല്‍റ്റെയുടെ ഗോള്‍.

17 മത്സരങ്ങളില്‍ 23 പോയിന്റുമായി ബംഗളൂരു ആറാം സ്ഥാനത്ത് തുടരുന്നു.എന്നാല്‍, ജയിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് 10-ാം സ്ഥാനത്ത് തന്നെയാണ്. 18 മത്സരങ്ങളില്‍ 13 പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്.