ദീപുവിന്റെ കൊലപാതകം ആസൂത്രിതം; കൊലയാളികള്‍ക്ക് എംഎല്‍എയുമായി ബന്ധം; സിപിഎമ്മിനെതിരെ സാബു

കൊച്ചി: കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണന്ന ആരോപണവുമായി ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. ആക്രമണത്തിന് മുന്‍പും പിന്‍പും കൊലയാളികള്‍ പി.വി. ശ്രീനിജന്‍ എംഎല്‍എയുമായി ബന്ധപ്പെട്ടിരുന്നെന്നും, അതിനാല്‍ കൊലപാതക കേസിലെ ഒന്നാം പ്രതി ശ്രീനിജനാണെന്നും അദ്ദേഹം ആരോപിച്ചു.

ശ്രീനിജന്‍ എംഎല്‍എ ആയതിനുശേഷം കഴിഞ്ഞ പത്ത് മാസത്തിനിടെ 50-ലധികം ട്വന്റി 20 പ്രവര്‍ത്തകാണ് ആക്രമിക്കപ്പെട്ടത്. ആരെങ്കിലും പരാതിപ്പെട്ടാല്‍ അവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഫെബ്രുവരി 5-നാണ് ട്വന്റി 20 ലൈറ്റണക്കല്‍ സമരം പ്രഖ്യാപിച്ചത്. 5-നും 12-നുമിടയിലാണ് കൊലപാതകം നടത്തുന്നതിനുള്ള വലിയ ഗൂഢാലോചന നടന്നത്. പ്രൊഫഷണല്‍ സംഘമാണ് ദീപുവിന്റെ കൊലപാതകം നടത്തിയതെന്നും സാബു ജേക്കബ് പ്രതികരിച്ചു.

അതേസമയം, ദീപുവിന്റെ മരണത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. മരണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടുവരണമെന്ന് പി.വി. ശ്രീനിജന്‍ എം.എല്‍.എ പറഞ്ഞു. തനിക്കെതിരേയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.