മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായി ചർച്ച നടത്തി തന്നെ മുന്നോട്ട് പോകും; മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയെ അവഗണിക്കുന്നതൊന്നും ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിൽ ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. കോടതിയെ വെല്ലുവിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ജലം ഉറപ്പ് വരുത്തിക്കൊണ്ടും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കൂടി ഉറപ്പ് വരുത്തിക്കൊണ്ടും മുന്നോട്ട് പോകുമെന്നും ആരെയും വെല്ലുവിളിക്കുന്നതല്ല നിലപാടുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായി ചർച്ച നടത്തി മാത്രമേ കേരളം മുന്നോട്ട് പോകൂ. ജനുവരി 5 ന് തമിഴ്നാട് നിയമസഭയിൽ നടത്തിയ നയ പ്രഖ്യാപനത്തിൽ 152 അടിയാക്കുമെന്ന് ഉണ്ടായിരുന്നു. കേരളത്തിന്റെ ആശങ്കയാണ് മുന്നോട്ട് വച്ചതെന്നും തമിഴ്നാടുമായി ചർച്ച നടത്തി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വിശദമാക്കി.

ഗവർണറുടെ നയപ്രഖ്യാപനത്തിൽ കോടതിയെ അവഗണിക്കുന്ന ഒന്നുമില്ല. ജനങ്ങളോടുള്ള സർക്കാരിന്റെ കരുതൽ മാത്രമാണ് നയപ്രഖ്യാപത്തിൽ ഉള്ളത. ആരേയും വെല്ലുവിളിക്കുന്ന ഒന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ലെന്നും തർക്കം ഉണ്ടാകുന്ന സാഹചര്യം ഇവിടെയില്ലെന്നും തെറ്റിദ്ധാരണകൾ അവസാനിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.