കമ്യൂണിസ്റ്റ് പേരുകൾ ഉപയോഗിക്കണം; ജമ്മു കശ്മീരിലെ ഭീകരസംഘടനകൾക്ക് നിർദ്ദേശം നൽകി ഐഎസ്‌ഐ

ന്യൂഡൽഹി: കമ്യൂണിസ്റ്റ് പേരുകൾ ഉപയോഗിക്കണമെന്ന് ജമ്മു കശ്മീരിലെ ഭീകരസംഘടനകൾക്ക് നിർദ്ദേശം നൽകി പാക് ചാരസംഘടനയായ ഐഎസ്‌ഐ. ഭീകര സംഘടനകളുടെ പാക് ബന്ധം ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ വേണ്ടിയാണ് വ്യാജ പേരുകൾ ഉപയോഗിക്കണമെന്ന് ഐഎസ്ഐ ഭീകര സംഘടനകൾക്ക് നിർദ്ദേശം നൽകിയത്. ജമ്മു കശ്മീരിൽ സജീവമായ തീവ്രവാദ സംഘടനകൾ കമ്മ്യൂണിസ്റ്റ് സംഘടനകളുടെ പേരിനോട് സാമ്യമുള്ള പേരിലേക്ക് മാറണമെന്നാണ് നിർദ്ദേശം.

പ്രവർത്തകർക്കിടയിൽ തങ്ങളെ കമ്മ്യൂണിസ്റ്റ് സംഘടനകളായി പ്രചരിപ്പിക്കാൻ ഐഎസ്ഐ ഭീകര സംഘടനകൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ദ റെസിസ്റ്റൻസ് ഫ്രണ്ട്’ പോലുള്ള ഏതെങ്കിലും പേരിലേക്ക് മാറാനാണ് ഭീകരസംഘടനകൾക്ക് നൽകിയ നിർദ്ദേശമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജമ്മു കശ്മീരിൽ എന്തെങ്കിലും ഭീകരപ്രവർത്തനം ഉണ്ടായാൽ വ്യക്തമായ തെളിവുകൾ സഹിതം ഇന്ത്യ എല്ലായ്‌പോഴും പാക്കിസ്താനെ ഉത്തരവാദികളാക്കുന്നതിൽ ഐഎസ്‌ഐയ്ക്ക് ആശങ്കയുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്.

കമ്യൂണിസ്റ്റ് അല്ലെങ്കിൽ ഇടതുപക്ഷ പേരുകളുള്ള പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കണമെന്നും മതപരമായ മുദ്രാവാക്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഐഎസ്‌ഐ വ്യക്തമാക്കി. ഭീകരപ്രവർത്തങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെ ബോധ്യപ്പെടുത്താനും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പാകിസ്താനെ ‘ബ്ലാക്ക് ലിസ്റ്റ്’ ചെയ്യുന്നത് ഒഴിവാക്കൽ തുടങ്ങിയ ലക്ഷ്യങ്ങളും ഐഎസ്‌ഐയുടെ തീരുമാനത്തിന് പിന്നിലുണ്ട്.