വെർച്വൽ ഉച്ചകോടി; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യുഎഇയും

ന്യൂഡൽഹി: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യുഎഇയും. ഡൽഹിയിൽ നടന്ന വെർച്വൽ ഉച്ചകോടിക്ക് ശേഷമാണ് ഇന്ത്യയും യുഎഇയും സമഗ്ര പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്. യുഎഇയുമായി ഒപ്പുവെയ്ക്കുന്ന സുപ്രധാന കരാറാണിത്. വാണിജ്യമന്ത്രി പിയൂഷ് ഗോയലും, യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുള്ള ബിൻ തൗക്ക് അൽമാറിയും ചേർന്നാണ് കരാറിൽ ഒപ്പു വച്ചത്.

മെച്ചപ്പെട്ട വിപണിപ്രവേശനവും കുറഞ്ഞ ഇറക്കുമതിത്തീരുവകളും ഉൾപ്പെടെ ഇന്ത്യയുടെയും യുഎഇയുടെയും വ്യവസായമേഖലയ്ക്ക് ഈ കരാർ വലിയ നേട്ടങ്ങൾ സൃഷ്ടിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഉഭയകക്ഷിവ്യാപാരം നിലവിലെ 60 ബില്യൺ ഡോളറിൽനിന്ന് 100 ബില്യൺ ഡോളറായി ഉയർത്താനും സിഇപിഎ സഹായിക്കുമെന്നാണു പ്രതീക്ഷ. കാലാവസ്ഥാപ്രവർത്തനത്തിലെ സഹകരണത്തിനും വിദ്യാഭ്യാസത്തിനുമായുള്ള മറ്റു രണ്ടു കരാറുകൾക്കും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. സുപ്രധാന കരാറിൽ ഒപ്പു വച്ചതോടെ നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറയും. രത്‌നങ്ങൾ, ആഭരണങ്ങൾ,വസ്ത്രങ്ങൾ എന്നിവയുടെ കയറ്റുമതി ഗണ്യമായി കൂട്ടാനും കഴിയും. ഡിജിറ്റൽ വ്യാപാരവും കരാറിന്റെ ഭാഗമാകും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദും വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. സമസ്തമേഖലകളിലും ഉഭയകക്ഷിബന്ധങ്ങളിലുണ്ടായ തുടർച്ചയായ വളർച്ചയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും യുഎഇ സ്ഥാപിതമായതിന്റെ 50-ാം വാർഷികവും കണക്കിലെടുത്ത് ഇരുനേതാക്കളും സംയുക്ത സ്മരണികസ്റ്റാമ്പും പുറത്തിറക്കി.