ഹിജാബ് ; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കർണാടക സർക്കാർ

ബംഗളൂരു: ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ ഒഴിച്ചു കൂടാനാവാത്ത ഒരു മതാചാരമല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കർണാടക സർക്കാർ. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 25-ന്റെ ലംഘനമല്ലെന്നും കർണാടക സർക്കാർ കോടതിയിൽ വിശദമാക്കി. അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് നവദ്ഗിയാണ് കർണാടക സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായത്.

ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഉത്തരവ് നിയമാനുസൃതമാണ്. അതിനാൽ ഇക്കാര്യം എതിർക്കേണ്ട കാര്യമില്ല. ഉത്തരവ് വിദ്യാഭ്യാസ നിയമവുമായി യോജിച്ചുപോകുന്നതാണെന്നാണ് ആദ്യമായി പറയാനുള്ളത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ മതപരമായ ആചാരത്തിൽ പെടുന്നില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനാപരമായ അവകാശത്തിൽ ഉൾപ്പെടുന്ന ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മതപരമായ വസ്ത്രങ്ങൾ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മുസ്ലിം വിദ്യാർഥികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷൻ കോടതിയെ അറിയിച്ചു. എന്നാൽ ഉത്തരവ് വ്യക്തമാണെന്നും ഇക്കാര്യത്തിൽ രേഖാമൂലം അപേക്ഷ തന്നാൽ മാത്രമേ തങ്ങൾക്ക് ഇടപെടാനാകൂവെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.