ഒരുത്തി; നവ്യയുടെ മകനാകാൻ ആദിത്യൻ

കൊച്ചി: നവ്യനായർ നായികയായി എത്തുന്ന ചിത്രം ഒരുത്തിയിൽ നവ്യയുടെ മകനായി ആദിത്യൻ വേഷമിടും. അപ്പു എന്ന കഥാപാത്രമാണ് ആദിത്യൻ അവതരിപ്പിക്കുന്നത്. നവ്യാ നായർ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് വർഷം മുൻപ്, മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് തന്റെ വീട് ജപ്തി ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥർക്കും, പോലീസുകാർക്കും മുന്നിൽ വിലപിക്കുന്ന പത്ത് വയസ്സുകാരൻ ആദിത്യന്റെ ചിത്രം മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത ഏറെ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. 2019 ഒക്ടോബറിലായിരുന്നു കുന്നം കുളത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ആദിത്യന്റെ വീട് ജപ്തി ചെയ്യപ്പെട്ടത്.

ക്യാമറക്കു മുമ്പിൽ ആദിത്യൻ അവന്റെ ജീവിതം ആടി തിമിർക്കുന്നത് തങ്ങൾ വിസ്മയത്തോടെ നോക്കി നിന്നുവെന്നും,വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ് ഒരുത്തിയെന്നും നവ്യാ നായർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇത് ആദിത്യൻ.എന്റെ (മണിയുടെ) സ്വന്തം അപ്പു.ആദിത്യനെ നിങ്ങൾക്കും അറിയാം…2019 ഒക്ടോബർ 15 ന് ആദിത്യനെക്കുറിച്ച് ഒരു വാർത്ത മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ചു.കുന്നംകുളത്തിനടുത്ത് ഒരു വീട് ജപ്തി ചെയ്യുന്നു.അച്ഛനും അമ്മയും സ്ഥലത്തില്ല.നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ട പോലീസ് സംഘം കോടതി ഉത്തരവു പ്രകാരം വീട് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു… വീട്ടുസാധനങ്ങൾ പുറത്തേക്കിടുന്നു .. പോലീസ് സംഘഞ്ഞെ പത്തു വയസ്സുള്ള ആദിത്യൻ അലറിക്കരഞ്ഞ് തടയാൻ ശ്രമിക്കുന്നു…പോലീസ്കാരാവട്ടെ ആദിത്യനെ എടുത്തു മാറ്റി “നിയമം നടപ്പിലാക്കുന്നു.”ചുറ്റും കൂടിയ മനുഷ്യർ നിസ്സഹായരായി എല്ലാം കണ്ടു നിൽക്കുന്നു.ഈ സമയത്താണ് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫർ ഫിലിപ്പ് ജേക്കബ് മറ്റൊരു അസൈൻമെന്റ് കഴിഞ്ഞ് ആ വഴി വരുന്നത്.ആൾകൂട്ടം കണ്ട് വണ്ടി നിർത്തിയ ഫിലിപ്പ് അവിടുത്തെ രംഗങ്ങൾ ക്യാമറയിലാക്കി.

അന്നു വൈകിട്ട് അത് ഒരു വാർത്തയായി.പോലീസുകാർ പിടിച്ചു മാറ്റുന്ന ആദിത്യന്റെ കൈയ്യിൽ അതുവരെ അവൻ വളർത്തിയ പക്ഷി കുഞ്ഞുങ്ങളിൽ ഒന്നിനെ കരുതലോടെ അടക്കി പിടിച്ചിരിക്കുന്നു.!സ്വന്തം കൂട് ഇല്ലാതാവുമ്പോഴും ആ പക്ഷിക്കുഞ്ഞിനെ അവൻ വിട്ടുകളയുന്നില്ല!ഈ ചിത്രവും വാർത്തയും വൈകുന്നേരം ലോകം കണ്ടു.

ഒരുത്തിയുടെ കാസ്റ്റിംഗ് തിരക്കുകളിലായിരുന്നതിരക്കഥാകൃത്ത് സുരേഷേട്ടൻ അന്നു വൈകിട്ട് എന്നെ വിളിച്ചു…” മണീ…(ഒരുത്തിയിൽ എന്റെ കഥാപാത്രത്തിന്റെ പേര്) നമ്മുടെ അപ്പൂനെ കിട്ടി “സുരേഷേട്ടൻ അയച്ച ഫോട്ടോയും വാർത്തയും ഞാൻ നോക്കി.എന്റെ കണ്ണു നിറഞ്ഞു .ജീവിതത്തിന്റെ കൊടും ചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാൻ മറ്റാര്..?വി.കെ. പി യും നാസർ ക്കയും ഒരേ മനസോടെ ആദിത്യനെ അപ്പുവായി സ്വീകരിച്ചു. ആദിത്യൻ ഒരുത്തിയിലെ എന്റെ മകൻ അപ്പു ആയി.ക്യാമറക്കു മുമ്പിൽ അവൻ അവന്റെ ജീവിതം ആടി തിമിർക്കുന്നത് ഞങ്ങൾ വിസ്മയത്തോടെ നോക്കി നിന്നു .അവന്റെ ആദ്യ സിനിമയാണ് ഒരുത്തി.വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ്ഒരുത്തി.ഒപ്പം ഉണ്ടാവണം