തിരുവനന്തപുരം: നാളെ ആറ്റുകാല്‍ പൊങ്കാല. മഹോത്സവത്തിന്റെ ഭാഗമായുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ, നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് നടത്താന്‍ ജില്ലാ കളക്ടറും ജില്ലാ ദുരന്തവിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. നവ്‌ജ്യോത്‌ഖോസെ ഉത്തരവിറക്കി.
അതേസമയം, പൂജാരിമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് മാത്രം പങ്കെടുക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരോ അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവ് ആയവരോ ആയിരിക്കണം. ഘോഷയാത്രക്ക് ഔദ്യോഗിക വാഹനങ്ങള്‍ മാത്രമേ അകമ്പടിയായി അനുവദിക്കുകയുള്ളു. പൊതുജനങ്ങളുടെ അകമ്പടി വാഹനങ്ങളോ, ഉച്ചഭാഷണിയോ, വിളംബര വാഹനങ്ങളോ അനുവദിക്കുന്നതല്ല. വഴിപൂജയോ മറ്റ് നേര്‍ച്ച ദ്രവ്യങ്ങളോ പാടില്ല. വഴിനീളെ ആഹാര പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാനോ പുഷ്പവൃഷ്ടി നടത്താനോ അനുമതിയില്ല.
പോലീസും സംഘാടകരും ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങള്‍ ഘോഷയാത്രയെ അനുഗമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടി. എഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്നവര്‍ മുഴുവന്‍ സമയവും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

