ടി-20: വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ജയം

കൊല്‍ക്കത്ത: ഒന്നാം ട്വന്റി–20 ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ജയം. നാലോവറില്‍ 17 റണ്‍ വഴങ്ങി ബിഷ്‌ണോയ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വിന്‍ഡീസ് 157ല്‍ ഒതുങ്ങി. മറുപടിയില്‍ 19 പന്തില്‍ 40 റണ്ണാണ് രോഹിത് അടിച്ചത്. മൂന്ന് സിക്‌സറും നാല് ഫോറും ക്യാപ്റ്റന്‍ പായിച്ചു. സ്‌കോര്‍: വിന്‍ഡീസ് 7–157, ഇന്ത്യ 4–162 (18.5)

രോഹിതും ഇഷാന്‍ കിഷനും (42 പന്തില്‍ 35) മികച്ച തുടക്കം നല്‍കി. 13 പന്തില്‍ 17 റണ്ണാണ് കോഹ്ലിയുടെ സമ്പാദ്യം. ഋഷഭ് പന്ത് (8) വേഗം മടങ്ങി. സൂര്യകുമാര്‍ യാദവും (18 പന്തില്‍ 34) വെങ്കിടേഷ് അയ്യരുമാണ് (13 പന്തില്‍ 24) ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. സൂര്യകുമാറിന്റെ ഇന്നിങ്‌സില്‍ ഒരു സിക്‌സറും അഞ്ച് ഫോറും ഉള്‍പ്പെട്ടു. വെങ്കിടേഷ് ഒരു സിക്‌സും രണ്ട് ഫോറും പായിച്ചു. നേരത്തേ 43 പന്തില്‍ 61 റണ്ണടിച്ച നിക്കോളാസ് പുരാനാണ് വെസ്റ്റിന്‍ഡീസിനായി മിന്നിയത്. ഓപ്പണര്‍ കൈല്‍ മെയേഴ്‌സ് 24 പന്തില്‍ 31 റണ്ണുമടിച്ചു. ഈഡന്‍ ഗാര്‍ഡനില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഭുവനേശ്വറിലൂടെ ആശിച്ച തുടക്കമായിരുന്നു ഇന്ത്യക്ക്. ഇന്നിങ്‌സിന്റെ അഞ്ചാംപന്തില്‍ ബ്രണ്ടന്‍ കിങ്ങിനെ (4) സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ചു. എന്നാല്‍, ഈ പതര്‍ച്ചയില്‍നിന്ന് കരീബിയക്കാര്‍ കരകയറി. മെയേഴ്‌സും പുരാനും രക്ഷകരായി. 47 റണ്‍ ഇരുവരും ചേര്‍ത്തു. മെയേഴ്‌സിനെ വിക്കറ്റിനുമുമ്ബില്‍ കുരുക്കി ചഹാല്‍ ഇന്ത്യയെ തിരികെയെത്തിച്ചു. ഒരോവറില്‍ റോസ്റ്റണ്‍ ചേസിനെയും (4) റൊവ്മാന്‍ പവെലിനെയും (2) മടക്കി ബിഷ്‌ണോയ് വിന്‍ഡീസിനെ തളര്‍ത്തി. നന്നായി ബാറ്റ് വീശിയ പുരാനെ ഹര്‍ഷല്‍ പുറത്താക്കി. അഞ്ച് സിക്‌സറും നാല് ഫോറും പുരാന്‍ പായിച്ചു. നാളെയാണ് രണ്ടാം മത്സരം.