തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും ഗവർണർക്കുമെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു കൂട്ടരും പീലാത്തോസാകാൻ ഒത്തു കളിക്കുന്നുവെന്നും പരസ്പരം കൈകഴുകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഹരി എസ് കർത്തയുടെ കാര്യത്തിലും ഒത്തുകളിയാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചാബിലും ബംഗാളിലും ഇത് നടക്കില്ല. കേരളത്തിൽ അവിശുദ്ധ കൂട്ടുകെട്ടാണ്. ഗവർണർ പരിധിയിൽ വരാത്ത കാര്യങ്ങൾ പറയുന്നു. ആർഎസ്എസ് പ്രതിനിധിയായ ഗവർണറും കമ്യൂണിസ്റ്റ് പ്രതിനിധിയായ മുഖ്യമന്ത്രിയും ഒത്തു കളിക്കുന്നുവെന്നും ഗവർണർ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകീകൃത സിവിൽ കോഡ് ഇപ്പോൾ ആരും ചർച്ച ചെയ്യാത്ത വിഷയമാണ്. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്തിനോട് നീതി കാണിച്ചില്ലെങ്കിൽ യുഡിഎഫ് ശക്തമായ നിലപാടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

