കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരെ രംഗത്തെത്തി ആക്രമിക്കപ്പെട്ട നടി. കേസിൽ കക്ഷി ചേരാൻ നടി കോടതിയിൽ അപേക്ഷ നൽകി. ഹർജി നൽകാൻ സമയം നൽകണമെന്നും നടി കോടതിയെ അറിയിച്ചു. ആവശ്യം പരിഗണിച്ച് കോടതി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെച്ചു.
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരേ കക്ഷി ചേരാൻ അനുമതി നൽകണമെന്നാണ് നടിയുടെ ആവശ്യം. കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയുമാണ് ആക്രമിക്കപ്പെട്ട നടി. ഉത്തരവ് പാസാക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കാൻ തയാറാകണമെന്നും നടി പറഞ്ഞു.
അതേസമയം ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന തുടരന്വേഷണം വ്യക്തിവൈരാഗ്യം തീർക്കാനെന്നാണ് ദിലീപ് പറയുന്നത്.

