ആശങ്കയുടെ സാഹചര്യമില്ല; ആരോഗ്യ കേന്ദ്രങ്ങളുടെ നിരീക്ഷണം അംഗൻവാടികളിൽ ഉണ്ടാകുമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അംഗൻവാടികളുടെ പ്രവർത്തനം ആരംഭിച്ചു. ആശങ്കയുടെ സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അംഗൻവാടികൾ തുറന്ന് പ്രവർത്തിക്കണമെന്ന് രക്ഷിതാക്കളുടെ ആവശ്യമായിരുന്നുവെന്നും ആരോഗ്യ കേന്ദ്രങ്ങളുടെ നിരീക്ഷണം അംഗൻവാടികളിൽ ഉണ്ടാകുമെന്നും വീണാ ജോർജ് അറിയിച്ചു. കോവിഡ് മരണവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പട്ടിക കൃത്യമാണെന്നും പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അംഗൻ വാടികൾ ഇന്ന് തുറന്നു. വലിയ സന്തോഷത്തോടെയാണ് കുട്ടികൾ അംഗൻവാടികളിലേക്ക് എത്തുന്നത്. മാതാപിതാക്കളും ആ സന്തോഷം പങ്കു വെച്ചു. 2020 മാർച്ച് മാസത്തിലാണ് സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തിൽ അംഗൻവാടികൾ അടച്ചത്. കുട്ടികൾ എത്തുന്നില്ലെങ്കിലും അംഗൻവാടികളിലെ മറ്റ് പ്രവർത്തനങ്ങൾ നടന്നിരുന്നു. വിക്ടേഴ്‌സ് ചാനലിലെ കിളിക്കൊഞ്ചലിലൂടെയും അതോടൊപ്പം തന്നെ വീടുകളിൽ എത്തിച്ച് നൽകുന്ന കഥാ പുസ്തകങ്ങളിലൂടെയും ഒക്കെ കുട്ടികൾക്ക് അംഗൻവാടികളിലെ പഠന സാഹചര്യങ്ങൾ അടച്ചിട്ടിരുന്ന ഈ കാലഘട്ടത്തിലും ഒരുക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസുകളിലും അദ്ധ്യയനം പുനരാരംഭിച്ചിട്ടുണ്ട്. ആദ്യ ആഴ്ചയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 50 ശതമാനം വിദ്യാർത്ഥികൾ എത്തുന്ന രീതിയിലാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.