ഐഎൻഎൽ സംസ്ഥാന കൗൺസിൽ പിരിച്ചുവിടൽ; നടപടി അംഗീകരിക്കില്ലെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന കൗൺസിലും സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന വർക്കിംഗ് കമ്മിറ്റിയും പിരിച്ചുവിട്ട നടപടിയിൽ പ്രതികരണവുമായി ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വഹാബ്. നടപടി അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുളള വിഭാഗം നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയെ പിരിച്ചുവിടാൻ ദേശീയ നിർവാഹക സമിതിക്ക് അധികാരമില്ല. അതുകൊണ്ട് എത്രയും വേഗം സംസ്ഥാന കൗൺസിൽ വിളിച്ചു ചേർക്കുമെന്നും. ഇക്കാര്യം മുന്നണി നേതൃത്വത്തെയും നേരത്തെ മധ്യസ്ഥ ചർച്ചയ്ക്ക് നേതൃത്വം നൽകിയവരെയും അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയിലെ ചേരിപ്പോര് അതേപടി തുടരുന്ന പശ്ചാത്തലത്തിലാണ് ഐഎൻഎല്ലിന്റെ സംസ്ഥാന തല സമിതികൾ പിരിച്ചുവിടാൻ തീരുമാനിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന ഐഎൻഎൽ ദേശീയ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. എന്നാൽ ഈ യോഗത്തിൽ അബ്ദുൽവഹാബ് പങ്കുചേർന്നിരുന്നില്ല.

2022 മാർച്ച് 31 ന് മുമ്പായി പുതിയ സംസ്ഥാന വർക്കിംഗ് കമ്മിറ്റി ചുമതലയേൽക്കുന്ന വിധം അംഗത്വവും കാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂർത്തിയാക്കുന്നതിന് ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയെ പാർട്ടി അധികാരപ്പെടുത്തുകയും ചെയ്തു. മന്ത്രി അഹമ്മദ് ദേവർകോവിലാണ് കമ്മിറ്റി ചെയർമാൻ. അഖിലേന്ത്യാ ഉപാധ്യക്ഷൻ കെ എസ് ഫക്രൂദ്ദീൻ, ദേശീയ ട്രഷറർ ഡോ. എ എ അമീൻ, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് പ്രൊഫ. എ പി അബ്ദുൽവഹാബ്, ജന. സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി ഹംസ ഹാജി, വൈസ് പ്രസിഡന്റ് എം എം മാഹീൻ തുടങ്ങിയവരും കമ്മിറ്റിയിലുണ്ട്.