പ്രണവ് മോഹൻലാലിന്റെ ആദ്യ 50 കോടി ചിത്രം; കോവിഡ് വ്യാപനത്തിനിടയിലും നേട്ടവുമായി ഹൃദയം

വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ നായകനായെത്തിയത്. സമീപകാലത്ത് വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം കൂടിയായിരുന്നു ഹൃദയം. ജനുവരി 21 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കോവിഡ് വെല്ലുവിളികൾ നിലനിൽക്കുന്നതിനിടയിലും സാമ്പത്തികമായി വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 50 കോടി ക്ലബ്ബിലേക്ക് കടക്കുകയാണ് ചിത്രമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

28.70 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷനെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്നും മാത്രം 24 കോടി ചിത്രം കളക്ട് ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. ട്വിറ്ററിൽ പ്രമുഖരായ പല ട്രേഡ് അനലിസ്റ്റുകളും ഹൃദയത്തിന്റെ 50 കോടി നേട്ടം ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണ് ഹൃദയം. നേടിയത് 16.30 കോടിയായിരുന്നു ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ആദ്യവാരം ചിത്രം നേടിയത്. രണ്ടാംവാരം 6.70 കോടിയും മൂന്നാംവാരം 4.70 കോടിയും നേടി. ചെന്നൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു.

അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18 നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. തിയറ്റർ റിലീസിന്റെ 25-ാം ദിനത്തിലാണ് ഒടിടി റിലീസ്.