മാനനഷ്ട കേസ്: ഉമ്മന്‍ചാണ്ടിക്ക് വിഎസ് 10 ലക്ഷം രൂപ നല്‍കണമെന്ന വിധിയില്‍ സ്റ്റേ

തിരുവനന്തപുരം: സോളാര്‍ കേസില്‍ വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസിലെ വിധി കോടതി സ്റ്റേ ചെയ്തു. ജനുവരി 22നാണ് ഉമ്മന്‍ചാണ്ടിക്ക് 10.10 ലക്ഷം രൂപ വി എസ് നഷ്ടപരിഹാരം നല്‍കണമെന്ന് സബ് കോടതി ഉത്തരവിട്ടത്. ഈ ഉത്തരവാണ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

2013 ഓഗസ്റ്റിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വിഎസിന്റെ ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നുമായിരുന്നു വിഎസ് കുറ്റപ്പെടുത്തിയത്.

ഈ പരാമര്‍ശത്തിനെതിരെയാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. അന്യായം നല്‍കിയ ദിവസം മുതല്‍ 6 ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നായിരുന്നു പ്രിന്‍സിപ്പല്‍ സബ് ജഡ്ജി വിധിച്ചത്. ഈ ഉത്തരവാണ് ജില്ലാ കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.