കെ റെയിലിനെതിരായ നിലപാടിൽ അയഞ്ഞ് സിപിഐ; പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെതിരായ നിലപാടിൽ അയഞ്ഞ് സിപിഐ. ബ്രാഞ്ച് സമ്മേളനങ്ങളിലെ രാഷ്ട്രീയ റിപ്പോർട്ടിംഗിനുള്ള കുറിപ്പിലാണ് സി.പി.ഐ കെ റെയിൽ പദ്ധതിയെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. കെ റെയിൽ പദ്ധതിയെ പാർട്ടി പിന്തുണയ്ക്കുന്നുവെന്നും വികസനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

യു.ഡി.എഫും ബി.ജെ.പിയുമാണ് സിൽവർ ലൈനിനെതിരെ പ്രക്ഷോഭം ഉയർത്തുന്നത്. ഇടതു മുന്നണിയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. എൽ.ഡി.എഫിൽ രാഷ്ട്രീയ വ്യതിയാനമുണ്ടായാൽ തിരുത്തുമെന്നും സി.പി.ഐ അറിയിച്ചു. ഇതുവരെ പാർട്ടി സ്വീകരിച്ച തിരുത്തൽ നടപടികൾ എണ്ണപ്പറയുന്നില്ല. സിപിഐയ്ക്ക് അതിന്റെ വ്യക്തിത്വം നിലനിർത്തുന്നതിനു വേണ്ടി കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.