ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റുവിനും കോൺഗ്രസ് പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിലെ വിവിധ സംഭവങ്ങൾ ചൂണ്ടിയാണ് മുൻ പ്രധാനമന്ത്രി പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനും കോൺഗ്രസിനുമെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. നെഹ്റു വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി മണിക്കൂറുകൾക്കുള്ളിൽ ഗോവയെ മോചിപ്പിക്കാനാകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 1947 ന് ശേഷം 15 വർഷക്കാലം ഗോവയെ പോർച്ചുഗീസ് ഭരണത്തിന് കീഴിൽ കോൺഗ്രസ് നിലനിർത്തിയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാർഥം ഗോവയിൽ ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസ് ഒരിക്കലും ഗോവയിലെ ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കാൻ ശ്രമിച്ചിട്ടില്ല. ഗോവയിലെ ജനങ്ങളിൽ നിന്ന് കോൺഗ്രസ് മറച്ചുവെച്ച ഒട്ടനേകം ചരിത്രസത്യങ്ങളുണ്ട്. ഗോവയുടെ സ്വാതന്ത്യമുന്നേറ്റങ്ങളെ കോൺഗ്രസ് ഏതുവിധത്തിലാണ് നശിപ്പിച്ചതെന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് താൻ പാർലമെന്റിൽ വ്യക്തമാക്കിയതാണ്. ഗോവയുടെ വിമോചനത്തിനായി സൈന്യത്തെ അയക്കില്ലെന്ന് നെഹ്റു പറഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗോവയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കേണ്ടിയിരുന്ന ചരിത്ര ഘട്ടത്തിൽ നെഹ്റു സ്വന്തം പ്രതിച്ഛായയെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടാണ് പെരുമാറിയതെന്നായിരുന്നു മോദിയുടെ പ്രധാന വിമർശനം. ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേൽ ഹൈദരാബാദിലും ജുനഗഡിലും സ്വീകരിച്ച നയങ്ങൾ ഗോവയിലും സ്വീകരിക്കാനായെങ്കിൽ ഗോവയുടെ സ്വാതന്ത്ര്യത്തിനായി 15 വർഷക്കാലം കാത്തിരിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പാർലമെന്റിനെ അറിയിച്ചിരുന്നു.

