പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസ് ഫെബ്രുവരി 18 ന് പരിഗണിക്കും. മാര്‍ച്ച് 26ലേക്കായിരുന്നു കേസ് മാറ്റിയിരുന്നത്. എന്നാല്‍, ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നേരത്തെയാക്കാന്‍ തീരുമാനിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് നല്‍കാത്തതിനാല്‍ കേസ് നീണ്ടുപോവുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം, കേസിലെ പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിന്റെ പകര്‍പ്പും കോടതയില്‍ കൈമാറി.
കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ചേര്‍ന്ന് 2018 ഫെബ്രുവരി 22ന് മധുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് മധുവിനെ മര്‍ദ്ദിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നു.
സിഐടിയു നേതാവും ടാക്‌സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീന്‍ വടികൊണ്ട് അടിച്ചതിനാല്‍ മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീര്‍ കാല്‍മുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ മുക്കാലിയിലെത്തിയ ഒന്നാം പ്രതി ഹുസൈന്റെ ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കൊലപാതകം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മധുവിന്റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

