തലക്കകത്ത് ആള്‍താമസമുള്ളവരെ വേണം ദുരന്തനിവാരണ സേനയില്‍ നിയമിക്കാന്‍’; സര്‍ക്കാരിനെതിരെ മേജര്‍ രവി

പാലക്കാട്: മലമ്പുഴ ചെറായി മലയില്‍ കുടുങ്ങിയ ബബുവിനെ രക്ഷിച്ചതില്‍ ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്തെ ദുരന്ത നിവാരണസേനയെ വിമര്‍ശിച്ച് മേജര്‍ രവി. ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ പരിഹാരത്തിനായി എന്ത് ചെയ്യണം എന്ന് അറിയുന്നവരെ മാത്രം സംസ്ഥാന ദുരന്ത നിവാരണ സേനയില്‍ നിയമിക്കണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തലക്കകത്ത് കുറച്ച് ആളുതാമസമുള്ളവരെയാണ് വിടേണ്ടത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് മേജര്‍ രവി പ്രതികരിച്ചത്.

മേജര്‍ രവിയുടെ വാക്കുകള്‍

‘ബാബു ജീവനോടെ തിരിച്ചുവന്നതില്‍ സന്തോഷം. ഇന്ത്യന്‍ ആര്‍മി അവരുടെ കടമ നിര്‍വ്വഹിച്ചു. റെസ്‌ക്യൂ മിഷനിലെ എല്ലാ പട്ടാളക്കാര്‍ക്കും നന്ദി. ഇനി പറയാനുള്ളത് പിണറായി സര്‍ക്കാരിനോടാണ്. ഒരു കാര്യം മനസ്സിലാക്കണം. പത്താംക്ലാസ് പാസാകാത്തവരെ പോലും പാര്‍ട്ടി അനുഭാവി ആയതുകൊണ്ട് മാത്രം പലയിടത്തും നിയമിച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ വായിക്കുന്നുണ്ട്. അവിടെ എന്ത് വേണമെങ്കിലും ചെയ്‌തോളു. എന്നാല്‍, ദുരന്തനിവാരണ വകുപ്പില്‍ ഒരു ദുരന്തം വരുമ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയാവുന്ന ആളുകളെ, തലക്കകത്ത് കുറച്ച് ആളുതാമസമുള്ളവരെയാണ് വിടേണ്ടത്. അപ്രായോഗികമായ രീതിയിലാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ വകുപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ കരസേനയെ വിളിക്കുന്നതിനൊപ്പം നേവിയേയും ഇന്ത്യന്‍ ആര്‍മിയേയും കൂടി ഫോണില്‍ ബന്ധപ്പെടുമായിരുന്നു. ഹെലികോപ്റ്റര്‍ വാടകക്കെടുത്തിട്ട വെള്ളാനയെപോലെ ഇട്ടതൊന്നും ആര്‍ക്കും അറിയേണ്ടതില്ല.

ഇന്ന് ബാബു എന്ന വ്യക്തി അവിടെ ഇരുന്ന സാഹചര്യം നിങ്ങള്‍ മനസ്സിലാക്കണം. കുന്നിന്റെ കുടുസ്സായ തുളയിലാണ് അദ്ദേഹം ഇരുന്നത്. പാലക്കാട് മലമ്പുഴയിലെ ഏറ്റവും മോശപ്പെട്ട ചൂടിലാണ് അദ്ദേഹം ഇരുന്നത്. ഈ സമയത്ത് ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കും. ഈ ഒരൊറ്റക്കാരണം മതി അദ്ദേഹം വീഴാന്‍. ഒരുമിനിറ്റെങ്കിലും നേരത്തെ രക്ഷിക്കുകയാണ് വേണ്ടത്. വിവരമില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം. ബാബു ഇരിക്കുന്ന പൊസിഷന്‍ ഇന്ന് പത്രത്തിലൂടെയാണ് ഞാന്‍ കണ്ടത്. ഹെലികോപ്റ്ററിലൂടെ രക്ഷിച്ചെടുക്കാന്‍ കഴിയുന്ന ഒരു പൊസിഷനിലല്ല അദ്ദേഹം ഇരിക്കുന്നതെന്ന് തലയില്‍ ആള് താമസമുള്ള ആര്‍ക്കും മനസ്സിലാവും. കാരണം, ഹെലികോപ്റ്ററില്‍ നിന്നും കയറിട്ട്് കൊടുത്താല്‍ അദ്ദേഹത്തിന് അത് പിടിക്കാന്‍ കഴിയില്ല. ഇത് മനസ്സിലാക്കാന്‍ കഴിയുന്ന ആളായിരിക്കണം സേനയിലുള്ളത്. അല്ലെങ്കില്‍ മലയുടേയും മുകളില്‍ ഹെലികോപ്റ്റര്‍ പറന്ന് ബാബുവിന് കയര്‍ ഇട്ട് കൊടുക്കണം. അത്രയും അകലമുള്ള റോപ്പും വേണം. അത് പ്രായോഗികമല്ല. വലിയ ഹെലികോപ്റ്റര്‍ ആണെങ്കില്‍ ഇത് സാധിക്കും. അത്തരം ഹെലികോപ്റ്റര്‍ നേവിയുടെ കൈയിലാണുള്ളത്.

കോസ്റ്റ് ഗാര്‍ഡിനെ വിളിക്കുന്ന സമയത്ത് അവരുടെ കൈയിലുള്ള സംവിധാനങ്ങളുടേയും ഹെലികോപ്റ്ററിന്റേയും കപ്പാസിറ്റി എന്താണെന്ന് അറിഞ്ഞിരിക്കണം. ആ കപ്പാസിറ്റിയില്‍ ഈ ഓപ്പറേഷന്‍ നടക്കുമോയെന്ന് അറിയണം. ഇതിനെല്ലാം തലയില്‍ കുറച്ച് ആള് താമസം വേണം. സാങ്കേതിക ജ്ഞാനം വേണം. തൊട്ടപ്പുറത്ത് നേവി ഉണ്ടായിരുന്നു, പാങ്കോട് ആര്‍മിയുണ്ടായിരുന്നു. അവരെ വിളിച്ചിരുന്നെങ്കില്‍ അവര്‍ വെല്ലിങ്ടണിലേക്ക് വിളിക്കുമായിരുന്നു. തിരുവനന്തപുരത്ത് നിന്നും പോകുന്നതിനേക്കാള്‍ എളുപ്പം അതായിരുന്നു. ഇന്നലത്തെ കൊണ്ട് തീര്‍ക്കേണ്ട കാര്യം ഇന്ന് വരെ നീണ്ടത് എന്താണ്. ഇത് രാത്രി ചെയ്യേണ്ട ഓപ്പറേഷന്‍ അല്ല. എന്നാലും ആര്‍മിക്കാര്‍ വന്നിരുന്നെങ്കില്‍ ഇന്നലെ വൈകുന്നേരത്തോടെ പയ്യനെ സേവ് ചെയ്ത് മുകളിലെത്തിക്കുമായിരുന്നു. ചില സാങ്കേതിക കാര്യങ്ങളിലെങ്കിലും അക്കാര്യത്തില്‍ വൈദഗ്ധ്യം ഉള്ള ആളുകളെ പിടിച്ചിരുത്തുകയെന്നതാണ് തനിക്ക് പറയാനുള്ളത്.’