ന്യൂഡൽഹി: ഹ്യുണ്ടായ് പാകിസ്താന്റെ വിവാദ പോസ്റ്റിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. പാകിസ്താന്റെ കാശ്മീർ ഐക്യദാർഢ്യ ദിനത്തെ പിന്തുണച്ച് സാമൂഹ്യ മാദ്ധ്യത്തിൽ ഹ്യുണ്ടായ് നടത്തിയ വിവാദ പോസ്റ്റിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധിച്ചത്. ഫെബ്രുവരി 5 ന് ഹ്യുണ്ടായ് പാകിസ്താൻ പുറത്തുവിട്ട സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ച് കൊറിയൻ അംബാസഡർ ചാങ് ജെബോക്കിൽ നിന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് ഇന്ത്യയുടെ അഖണ്ഡതയുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ പ്രശ്‌നങ്ങൾ ശരിയായി പരിഹരിക്കുന്നതിന് ഹ്യുണ്ടായി കമ്പനി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ റിപ്പബ്ലിക് ഓഫ് കൊറിയൻ വിദേശകാര്യ മന്ത്രി ചുങ് ഇയുയോംഗ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ ജയ്ശങ്കറിനെ വിളിച്ച് സംസാരിച്ചിരുന്നു. ജനങ്ങൾക്കും ഇന്ത്യൻ സർക്കാരിനും സംഭവിച്ച വിഷമത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ദക്ഷിണ കൊറിയയിലെ സിയോളിലെ ഇന്ത്യൻ അംബാസഡർ ശ്രീപ്രിയ രംഗനാഥൻ ഹ്യുണ്ടായ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും വിഷയത്തിൽ ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇന്ത്യയിലെ ജനങ്ങളോട് ഹ്യുണ്ടായ് ഖേദപ്രകടനം നടത്തി. രാഷ്ട്രീയമോ മതപരമോ ആയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നില്ലെന്നും ഹ്യുണ്ടായി മോട്ടോഴ്‌സ് വ്യക്തമാക്കിയിരുന്നു.
‘നമ്മുടെ കാശ്മീരി സഹോദരങ്ങളുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ പിന്തുണയുമായി നിൽക്കാം’ എന്നായിരുന്നു ഹ്യുണ്ടായ് പാകിസ്താന്റെ പോസ്റ്റ്. പാകിസ്താനിലെ ഹ്യുണ്ടായിയുടെ ഏക ഡീലറായ നിഷാത് മോട്ടോഴ്സിന്റെ ട്വിറ്റർ ഹാന്റിലിലായിരുന്നു ട്വീറ്റ്. മുള്ളുവേലികൊണ്ട് ബന്ധിപ്പിക്കപ്പെട്ട കശ്മീർ എന്ന വാക്കും ദാൽ തടാകത്തിലെ വള്ളവുമായിരുന്നു ട്വീറ്റിനൊപ്പമുണ്ടായിരുന്ന ചിത്രത്തിലേത്. ഹ്യുണ്ടായ് പാകിസ്താൻ ഒഫീഷ്യൽ (@PakistanHyundai) എന്ന ട്വിറ്റർ ഹാന്റിലിലായിരുന്നു ട്വീറ്റ്. ഹ്യുണ്ടായി പാകിസ്താന്റെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേജുകളിലും ഇതേ പോസ്റ്റ് പങ്കുവെച്ചിരുന്നു.
കശ്മീർ വിഘടന വാദികൾക്ക് പിന്തുണ നൽകിയ പോസ്റ്റിന് പിന്നാലെ കമ്പനിക്കെതിരെ ഇന്ത്യയിൽ വ്യാപക വിമർശനമാണ് ഉയർന്നത്. ഹ്യുണ്ടായ് ബഹിഷ്‌കരിക്കുക എന്നാവശ്യപ്പെട്ട് സാമൂഹ്യ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രതിഷേധം ശക്തമായിരുന്നു.

