ചെന്നൈ: ബാഡ്മിന്റൺ താരം സൈന നേവാളിനെതിരായ അധിക്ഷേപ പരാമർശത്തിൽ പോലീസിന് മൊഴി നൽകി നടൻ സിദ്ധാർഥ്. ചെന്നൈ പോലീസിന് മുന്നിലാണ് സിദ്ധാർഥ് മൊഴി നൽകിയത്. വീഡിയോ കോൺഫറൻസ് വഴിയാണ് സിദ്ധാർഥ് പോലീസിന് മുന്നിൽ ഹാജരായത്. സൈന നേവാളിനും ഒരു മാദ്ധ്യമ പ്രവർത്തകയ്ക്കും എതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് ഖേദമറിയിച്ചാണ് താരം മൊഴി നൽകിയത്.
സൈന നേവാളിനും ഒരു മാദ്ധ്യമ പ്രവർത്തകയ്ക്കും എതിരെ സിദ്ധാർഥ് നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മാസം പത്തിന് ചെന്നൈ പോലീസ് സിദ്ധാർഥിന് സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ കോൺഫറൻസ് വഴി നടൻ പോലീസിനു മുന്നിൽ ഹാജരായത്. നടന്റെ മൊഴി പോലീസ് ദേശീയ വനിതാ കമ്മിഷന് അയച്ചിട്ടുണ്ട്.
കഴിഞ്ഞമാസമാണ് സിദ്ധാർഥ് സൈന നേവാളിനെതിരേ മോശം പരാമർശനം ഉന്നയിച്ചത്. സംഭവത്തിന് പിന്നാലെ താരത്തിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധവുമാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെ നടൻ ട്വീറ്റ് പിൻവലിച്ച് ഖേദ പ്രകടനവും നടത്തിയിരുന്നു. ക്ഷമാപണം സ്വീകരിക്കുന്നതായും സിദ്ധാർഥിനെ ദൈവം അനുഗ്രഹിക്കട്ടെയെന്നും പ്രതികരണവും നടത്തിയിരുന്നു.

