ന്യൂഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിനെ കോൺഗ്രസ് ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജനാധിപത്യത്തെ അപമാനിക്കുകയാണ്. കോൺഗ്രസിന് സാധാരണക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് വൈറസ് എന്ന മഹാമാരിയെ പോലും രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. രാഷ്ട്രീയ അന്ധതയിൽ കോൺഗ്രസ് മര്യാദകൾ മറന്നു. ഉത്തർപ്രദേശിൽ കോവിഡ് വ്യാപിപ്പിക്കാനായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം. അതിഥി തൊഴിലാളികളെ അവർ ദുരിതത്തിലേക്ക് തളളി വിട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം രാഷ്ട്രീയമാണ് കോൺഗ്രസ് കളിച്ചതെന്നും ശക്തികേന്ദ്രങ്ങൾ തള്ളിക്കളഞ്ഞത് കോൺഗ്രസ് മനസിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്ത നൂറ് വർഷത്തേക്ക് ജനങ്ങൾ കോൺഗ്രസ് ഭരണം ആഗ്രഹിക്കുന്നില്ല. അവർക്ക് പ്രതീക്ഷയുമില്ല. ആത്മ നിർഭർ ഭാരത് പദ്ധതിയെ കോൺഗ്രസ് എതിർക്കുകയാണ്. പാവങ്ങളെ പൂർണമായും അവഗണിക്കുകയായിരുന്നു യുപിഎ സർക്കാർ. അതിന് മറുപടിയായി ജനങ്ങൾ ഇന്ന് കോൺഗ്രസിനെ ഇല്ലാതാക്കി. കോൺഗ്രസ് ഭരണം കയ്യാളിയിരുന്ന സംസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥയെയും അദ്ദേഹം ചൂണ്ടിക്കാട്ടി. തെലങ്കാനയെ നിർമ്മിച്ചത് നിങ്ങളാണെന്ന് പറയുന്നു. എന്നാൽ അവിടുത്തെ പൊതുജനങ്ങൾ പോലും അത് നിഷേധിക്കുകയാണെന്നും ഇത്രയും തവണ പരാജയപ്പെട്ടിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. കോവിഡ് നിയന്ത്രണത്തിൽ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മാതൃകയായി. കഴിഞ്ഞ രണ്ടു വർഷമായി രാജ്യം കോവിഡിനെതിരേ പോരാടുകയാണ്. 80% പേരും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു. അതു വലിയ നേട്ടമാണ്. ആഗോളതലത്തിൽ കോവിഡിന് ശേഷം പുതിയ നേതൃതലത്തിലേക്ക് ഇന്ത്യ എത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഏറെ പ്രയോജനപ്പെടുന്നു. ബിജെപി സർക്കാരിന്റെ ഭരണത്തിൽ കർഷകരുടെ നിലവാരം ഉയർന്നു. ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയായി. സ്വയം പര്യാപ്തരാവുകയാണ് കർഷകർ. കോവിഡ് വ്യാപനത്തിന്റെ പേരിൽ തന്നെ അപമാനിക്കാമെന്നാണ് കോൺഗ്രസ് കരുതിയത്. തന്റെ പ്രതിച്ഛായ കുറയുമെന്നും വിചാരിച്ചു. എന്നാൽ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

