യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. നാഗാർജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി നായകനായെത്തുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസ് ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്നും ഈ വർഷം അവസാനം സിനിമ റിലീസ് ചെയ്യുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന വിവരം നേരത്തെ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സുരേന്ദർ റെഡ്ഢിയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഹിപ്‌ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്. രാകുൽ ഹെരിയനാണ് ഛായാഗ്രഹണം. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‌കരിച്ച യാത്ര എന്ന ചിത്രമാണ് മമ്മൂട്ടി ഏറ്റവുമൊടുവിൽ അഭിനയിച്ച തെലുങ്ക് ചിത്രം. 2004 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ അധികാരത്തിലെത്താൻ സഹായിച്ച, വൈഎസ്ആർ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു യാത്ര എന്ന ചിത്രം.

