സൈബര്‍ തട്ടിപ്പ്: ഒരാളുടെ വിവരങ്ങള്‍ അഞ്ച് രൂപ നിരക്കില്‍!

സൈബര്‍ തട്ടിപ്പിന്റെ പ്രധാന ഭാഗമാണ് ഡാറ്റ മോഷണം. ഒരാളുടെ വിവരങ്ങള്‍ 5 രൂപ നിരക്കിലാണ് തട്ടിപ്പുകാര്‍ വില്‍ക്കുന്നതെന്നാണ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് പുറത്ത് വിടുന്ന വിവരങ്ങള്‍. ഒരു സംസ്ഥാനത്തില്‍ നിന്നുമുള്ള ആളുടെ വിവരങ്ങള്‍ മറ്റൊരു സംസ്ഥാനത്തില്‍ ആയിരിക്കും വില്‍ക്കുകയെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ഒരു തട്ടിപ്പ് സംഘത്തിലെ ഓരോ സൈബര്‍ ക്രിമിനലുകളെയും അവരവരുടേതായ ജോലിക്ക് നിയോഗിച്ചിരിക്കും. ഡാറ്റ കൈയില്‍ കിട്ടുന്നതോടെ ഹാക്കര്‍മാര്‍ സൈബര്‍ തട്ടിപ്പ് ആരംഭിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ജാര്‍ഖണ്ഡിലാണ്. ജാര്‍ഖണ്ഡിലെ ജമാതര സൈബര്‍ കുറ്റവാളികളുടെ യൂണിവേഴ്‌സിറ്റിയെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഇവിടെ നിരവധി യുവതി യുവാക്കള്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്താനുള്ള പരിശീലനം നല്‍കുന്നതിനാലാണ് ഈ നഗരം ഇങ്ങനെ അറിയപ്പെടാന്‍ കാരണം. ഇവിടുന്ന് പരിശീലനം ലഭിച്ച കുറ്റവാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും സൈബര്‍ ക്രൈമില്‍ ഏര്‍പ്പെടുകയും ചെയ്യും.

ബാങ്കുകള്‍, മാളുകള്‍, ടെലികോം കമ്പനികള്‍, ഇന്‍ഷുറന്‍സ്, സെറോക്സ് എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ക്ക് ഡാറ്റകള്‍ ലഭിക്കുന്നത്. ഈ ഡാറ്റകള്‍ നല്‍കുന്നവര്‍ക്ക് നല്ലൊരു തുക പ്രതിഫലമായി ലഭിക്കും. ഒരാളുടെ പേര്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഈ വിവരങ്ങള്‍ ലഭിച്ചാല്‍ ഒരു സൈബര്‍ കുറ്റവാളി ഒരു ബാങ്ക് മാനേജരോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ഏജന്റോ ആയി നിങ്ങളെ വിളിക്കുകയും പണം തട്ടുകയും ചെയ്യും. തട്ടിപ്പിനിരയായാല്‍ ആളുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ ഭയമാണ്.