ബംബോലിം: ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. ലിസ്റ്റണ്‍ കൊളാക്കോയും മന്‍വീര്‍ സിംഗും എടികെക്കായി ഗോളുകള്‍ നേടിയപ്പോള്‍ ജോയല്‍ ചിയാന്‍സെ ഹൈദരാബാദിന് ആശ്വാസഗോള്‍ നല്‍കി.
തുടര്‍ച്ചയായ നാലാം ജയം തേടിയിറങ്ങിയ ഹൈദരാബാദിനെ ആദ്യ പകുതിയില്‍ എടികെ ഗോളടിക്കാന്‍ അനുവദിക്കാതെ വരിഞ്ഞുകെട്ടി. എന്നാല്‍, രണ്ടാം പകുതിയുടെ 56-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാക്കോയിലൂടെ മുന്നിലെത്തിയ എടികെ മൂന്ന് മിനിറ്റിനകം മന്‍വീര്‍ സിംഗിലൂടെ ലീഡുയര്‍ത്തി. 67-ാം മിനിറ്റില്‍ ജോയല്‍ ചിയാന്‍സെയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും സമനില ഗോളിനായുള്ള ഹൈദരാബാദിന്റെ ശ്രമങ്ങള്‍ എടികെ പ്രതിരോധത്തില്‍ തകര്‍ന്നു.
ജയത്തോടെ 13 മത്സരങ്ങളില്‍ 23 പോയന്റുമായി എടികെ നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍, 15 മത്സരങ്ങളില്‍ 26 പോയന്റുമായി ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നു.

