മലപ്പുറം: യുഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാല്‍ ലോകായുക്തയുടെ അധികാരം തിരിച്ചു നല്‍കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞ് ഒരു ഉപദേശക സമിതിയാക്കി സര്‍ക്കാര്‍ മാറ്റിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ നാട്ടുകാര്‍ക്കുണ്ടായ സംശയം പോലും ഉണ്ടാകാതിരുന്ന ഗവര്‍ണറോട് സഹതാപമുണ്ട്. സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ അത് നിയമസഭയില്‍ പ്രകടിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലോകായുക്ത നിയമ ഭേദഗതി ഗവര്‍ണര്‍ ഒപ്പ് വെച്ചതിലൂടെ അഴിമതിക്ക് എതിരായ അവസാനത്തെ വാതിലും അടച്ചു എന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. അഴിമതിക്ക് എതിരായ പോരാട്ടത്തിന്റെ അന്ത്യകൂദാശയാണ് നടന്നത്. ഘടകകക്ഷികളെ പോലും ഈ വിഷയം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കാനം രാജേന്ദ്രന്റെ നിലപാടിനോട് പൂര്‍ണ്ണ പിന്തുണയാണെന്നും ചെന്നിത്തല പറഞ്ഞു.

