വൈദ്യുതി നിരക്ക് വര്‍ധന: യൂണിറ്റിന് 92 പൈസ കൂട്ടണമെന്ന് കെഎസ്ഇബിയുടെ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി. യൂണിറ്റിന് 92 പൈസ കൂട്ടണമെന്നാണ് ബോര്‍ഡിന്റെ ശുപാര്‍ശ. 18 ശതമാനം വര്‍ധന ആവശ്യപ്പെടുന്ന അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു.

2852 കോടിയുടെ റവന്യു കമ്മിയുണ്ടാകുമെന്നാണ് ബോര്‍ഡ് കണക്കു കൂട്ടുന്നത്. 2022-23 സാമ്ബത്തിക വര്‍ഷം യൂണിറ്റിന് 92 പൈസ വര്‍ധിപ്പിച്ചാല്‍ 2284 കോടി വരുമാനം കണ്ടെത്തുമെന്ന് ബോര്‍ഡ് കരുതുന്നു. നിലവില്‍ 2019 ജൂലായ് 19ന് അംഗീകരിച്ച നിരക്കാണ് സംസ്ഥാനത്ത് ഇപ്പോഴുളളത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 18.14 ശതമാനവും ചെറുകിട വ്യവസായ ഉപഭോക്താക്കളുടെ 11.88 ശതമാനവും വന്‍കിട വ്യവസായികളില്‍ നിന്ന് 11.47 ശതമാനവും വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്.

വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 5.67രൂപ എന്നത് 6.86 രൂപയും ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 2.75 രൂപ എന്നത് 3.64 രൂപയും കൊച്ചി മെട്രോയുടേത് 6.46 എന്നത് 7.18 രൂപയായും വര്‍ധപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമാകും കമ്മീഷന്‍ പുതിയ നിരക്ക് പ്രഖ്യാപിക്കുക.