സ്വർണക്കള്ളക്കടത്ത് കേസിൽ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല; കെ മുരളീധരൻ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സ്വർണക്കള്ളക്കടത്ത് കേസിൽ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്ന് അദ്ദേഹം അറിയിച്ചു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കോൺഗ്രസിന്റെ ആരോപണങ്ങൾ ശരി വെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിയ്ക്ക് കോൺസുൽ ജനറലുമായി എന്താണ് ബന്ധം ഉണ്ടാവാനുള്ളത്. മൂക്കിന് താഴെ നടന്ന കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി പദത്തിൽ തുടരാൻ പിണറായി വിജയൻ യോഗ്യനല്ല. എംപി മാർക്ക് പോലും വിദേശ എംബസികളുമായി ബന്ധപ്പെടാൻ പാടില്ല. ലൈഫ് പദ്ധതിയിൽ കമ്മീഷൻ വാങ്ങി എന്നത് സ്വപ്ന തന്നെ പറഞ്ഞില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ഇത്രയും മുതിർന്ന ഉദ്യോഗസ്ഥനല്ലേ ശിവശങ്കർ. സർക്കാർ അനുമതി ഇല്ലാതെ പുസ്തകം എഴുതാൻ പാടില്ലെന്നത് ശിവശങ്കറിന് അറിയില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. എം ശിവശങ്കറിന്റെ യാത്രകൾ പലതും ഔദ്യോഗികമായിരുന്നില്ല. ഒന്നാം പിണറായി സർക്കാർ സെക്സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.