മുംബൈ: അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ. രാഷ്ട്രപതി രാംനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നിരവധി പ്രമുഖർ ലതാ മങ്കേഷ്‌കറിന് അനുശോചനം അറിയിച്ചു.
വാക്കുകൾക്ക് അതീതമായി താൻ വേദനിക്കുന്നുവെന്നും ദയയും കരുതലും ഉള്ള ലതാ ദീദി നമ്മെ വിട്ടുപിരിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സംഗീത ലോകത്തിന് നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് ലതാ മങ്കേഷ്‌കർ യാത്രയായത്. വരും തലമുറകൾ ദീദിയെ ഇന്ത്യൻ സംസ്‌കാരത്തിന്റെ അഗ്രഗണ്യയായി ഓർക്കും, ലതാ ദീദിയുടെ ശ്രുതിമധുരമായ ശബ്ദത്തിന് ആളുകളെ മയക്കാനുള്ള സമാനതകളില്ലാത്ത കഴിവുണ്ടായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ലതാ ദീദിയിൽ നിന്ന് തനിക്ക് എല്ലായ്പ്പോഴും അളവറ്റ വാത്സല്യം ലഭിച്ചു എന്നത് എന്റെ ഭാഗ്യമായി കരുതുന്നു. ദീദിയുടെ വിയോഗത്തിൽ ഞാൻ ദുഃഖിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ദൈവിക ശബ്ദം എന്നെന്നേക്കുമായി നിശ്ശബ്ദമായിരിക്കുന്നു എന്നാണ് ലതാ മങ്കേഷ്‌ക്കറുടെ വിയോഗത്തിൽ രാഷ്ട്രപതിയുടെ പ്രതികരണം. നൂറ്റാണ്ടുകൾക്കിടയിൽ മാത്രം സംഭവിക്കുന്ന അപൂർവ്വതയാണ് ലതാ മങ്കേഷ്‌കർ. ഉന്നതമായ മാനവികതയും ഉദാത്തമായ സ്നേഹവും നിറഞ്ഞ വ്യക്തിത്ത്വം. താൻ ലതാ ദീദിയെ കണ്ടുമുട്ടിയപ്പോഴെല്ലാം ആ മുഖത്ത് ഒരു പ്രത്യേക ചൈതന്യം എന്നും നിലനിന്നിരുന്നു. ദീദിയുടെ ദൈവിക ശബ്ദം എന്നെന്നേക്കുമായി നിശ്ശബ്ദമായിരിക്കുന്നു. എന്നാൽ ലതാജിയുടെ ഈണങ്ങൾ അനശ്വരമായി നിലനിൽക്കുമെന്നും നിത്യതയിൽ പ്രതിധ്വനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലതാമങ്കേഷ്‌കറുടെ മരണം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് അമിത് ഷാ വ്യക്തമാക്കി. സംഗീത ലോകത്തിന് അവർ നൽകിയ സംഭാവനകൾ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംഗീത പ്രേമികളുടേയും ഹൃദയത്തിൽ കുടികൊള്ളുന്ന സ്വരകോകില ലതാമങ്കേഷ്‌കർ ജിയുടെ വിയോഗം ഹൃദയഭേദകമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ട്വിറ്ററിൽ കുറിച്ചു.
ലത മങ്കേഷ്‌കറുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകളുണ്ടെന്നും അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാകാത്ത സ്ഥാനമാണ് ലത മങ്കേഷ്‌കറിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലാപനമാധുരി കൊണ്ട് ലോകത്തിനെ കീഴടക്കാനവർക്കായി. പകരം വെയ്ക്കാനില്ലാത്ത സംഗീതജ്ഞയായിരുന്നു ലത മങ്കേഷ്‌കറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിയ്ക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
പതിറ്റാണ്ടുകളായി ലതാ മങ്കേഷ്‌കർ ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ശബ്ദമായി തുടർന്നുവെന്നും അവരുടെ സുവർണ ശബ്ദം അനശ്വരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലതാ മങ്കേഷ്‌കറുടെ കുടുംബത്തോടും ആരാധകരോടും എന്റെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

