വളരെ കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ മനസിൽ ഇടം നേടിയ നടനാണ് ആന്റണി വർഗീസ്. അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെയാണ് ആന്റണി പ്രേക്ഷകർക്ക് പ്രിയങ്കരനായത്. താരം പ്രധാന വേഷത്തിലെത്തിയ അജഗജാന്തരം എന്ന സിനിമ അടുത്തിടെയാണ് പുറത്തിറങ്ങിയത്. മികച്ച വിജയമാണ് ചിത്രം നേടിയത്. സിനിമയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും തിയേറ്ററുകളിൽ നേരിട്ടെത്തിയിരുന്നു. അത്തരത്തിൽ തിയേറ്ററിൽ എത്തിയപ്പോൾ ആന്റണിയെ കണ്ടുവെന്നും എന്നാൽ തിരക്ക് കാരണം താരത്തെ പരിചയപ്പെടാൻ സാധിച്ചില്ലെന്നും വ്യക്തമാക്കി നവമി എന്ന മൂന്നാംക്ലാസുകാരി എഴുതിയ കത്താണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ആന്റണി വർഗിസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കത്ത് പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇനി കൊല്ലത്തെത്തുമ്പോൾ തീർച്ചയായുംനവമി കുട്ടിയെ കാണാമെന്ന് ആന്റണി വർഗീസ് ഉറപ്പു നൽകുകയും ചെയ്യുന്നുണ്ട്.
നവമിയുടെ കത്ത്
ഡിയർ പെപ്പെ, ഞാൻ നവമി കൊല്ലം ജില്ലയിലെ പെരുമണ്ണിലാണ് ഞാൻ താമസിക്കുന്നത്. ഞാൻ അജഗജാന്തരം സിനിമ കാണാൻ പോയപ്പോൾ കൊല്ലം പാർത്ഥാ തിയേറ്ററിൽ പെപ്പെയും ടീമും വന്നിരുന്നു. തിരക്ക് കാരണം എനിക്ക് പെപ്പെയെ കാണാൻ പറ്റിയില്ല. എനിക്ക് കാണണമെന്ന് വളരെ ആഗ്രഹമായിരുന്നു. അജഗജാന്തരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതിനകത്തെ ഉള്ളുളേരി എന്ന പാട്ടു അടിപൊളി. പെപ്പെയുടെ കൂടെ ഫോട്ടോ എടുക്കണമെന്ന് വളരെ ആഗ്രഹമാണ് കൂടെ ഒരു ഓട്ടോഗ്രാഫും. ഒരു ദിവസം പെപ്പെയെ കാണാനായി കൊണ്ടുപോകാമെന്ന് വീട്ടിൽ പറഞ്ഞിട്ടുണ്ട്. ഞാൻ പെപ്പെയുടെ ഒരു കുഞ്ഞാരാധികയാണ്. ഞാൻ പെരുമൺ എൽ പി എസ് മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. എന്റെ കൂട്ടുകാർക്ക് വളരെ ആഗ്രഹമാണ് പെപ്പെയെ കാണണമെന്ന്. ഒരുപാട് സ്നേഹത്തോടെ നവമി എസ് പിള്ള.

