സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കുന്ന ചിത്രം മേജറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കുന്ന ചിത്രം മേജർ മെയ് 27 ന് റിലീസ് ചെയ്യും. ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നത്. അദിവി തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുള്ളതും. ശശികിരൺ ടിക്കയാണ് സംവിധാനം നിർവ്വഹിക്കുന്നത്.

ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റുമായി ചേർന്ന് സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. അദിവി ശേഷിൻറെ അദിവി എൻറർടെയ്ൻമെൻറും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ + എസ് മൂവീസും ചിത്രത്തിൻറെ നിർമ്മാണ പങ്കാളികളാണ്. 120 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

മുംബൈ താജ് മഹൽ ഹോട്ടൽ കേന്ദ്രീകരിച്ച് 2008 നവംബർ 26 ന് നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലായളി ജവാനാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള ആദരവെന്ന നിലയിൽ മരണശേഷം 2009ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര സമ്മാനിച്ചിരുന്നു.