കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ ഹര്‍ജി തള്ളിയ ലോകായുക്ത നടപടിക്കെതിരെ പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങി രമേശ് ചെന്നിത്തല. ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍, മന്ത്രി ബിന്ദുവിനെതിരായ പരാതിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രിയെ കൂടി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയല്‍ ചെയ്തിട്ടും, അത് പരിഗണിക്കാന്‍ തയാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു. വിധി പ്രഖ്യാപിച്ചതിന് ശേഷം തന്റെ പരാതി കേള്‍ക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിനു സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമങ്ങള്‍ അവഗണിച്ച് നടത്തുന്ന ഏത് ശുപാര്‍ശകളും ഗൗരവതരമാണ്. ഇപ്പോഴത്തെ ലോകയുക്ത വിധി നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യുജിസി ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് കണ്ണൂര്‍ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് മന്ത്രി ബിന്ദു ശുപാര്‍ശ ചെയ്തുവെന്നതില്‍ മന്ത്രിക്കോ ലോകായുക്തക്കോ സംശയമില്ല. മന്ത്രിയുടെ പ്രസ്തുത ശുപാര്‍ശ സ്വജനപക്ഷപാതത്തിനും അധികാര ദുര്‍വിനിയോഗത്തിനും മതിയായ തെളിവാണ്. വിസിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ നടപടിയും വ്യക്തമായ സ്വജനപക്ഷപാതമാണ്. ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണു ലോകായുക്ത വിധി പുനപരിശോധിക്കണമെന്നു ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നത്-ചെന്നിത്തല വ്യക്തമാക്കി.

