സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന കാര്യത്തിൽ സംശയമുണ്ട്; കേന്ദ്ര റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി: കെ റെയിൽ പദ്ധതിയിൽ എതിർപ്പ് അറിയിച്ച് കേന്ദ്രം. സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നത്. റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണോവ് പാർലമെന്റിൽ അബ്ദുൾ വഹാബ് എംപിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

63,941 കോടി രൂപയുടെ പദ്ധതിയുടെ കടബാധ്യത യാത്രക്കാരെ കൊണ്ട് മാത്രം തീർക്കാനാവില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം പറയുന്നു. സിൽവർ ലൈൻ റെയിൽവേ പാത വികസനത്തിന് തടസ്സമാകുമെന്ന ആശങ്കയും റെയിൽവേ മന്ത്രാലയത്തിനുണ്ട്.

സാങ്കേതിക സാധ്യത വിവരങ്ങളൊന്നും സിൽവർ ലൈൻ പദ്ധതിയുടെ ഡീറ്റൈൽ പ്രൊജക്ട് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. വിശദമായ സാങ്കേതിക രേഖകൾ സമർപ്പിക്കാൻ കേരള റെയിൽ ഡെപല്പ്പ്‌മെന്റ് കോർപ്പറേഷനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ഡിസംബറിൽ കെ റെയിൽ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയിരുന്നു. എന്നാൽ പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഡി പി ആർ തയ്യാറാക്കുന്നതിനായാണ് തത്വത്തിൽ അനുമതി നൽകിയതെന്നും അശ്വനി വൈഷ്‌ണോവ് പാർലമെന്റിൽ വിശദമാക്കി.