പീഡന പരാതി; സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ കേസ്

കൊച്ചി: സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ കേസെടുത്ത് പോലീസ്. ബാലചന്ദ്രനെതിരെ ഉയർന്ന പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ബാലചന്ദ്ര കുമാറിനെതിരെ പരാതി നൽകിയത്. എളമക്കര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പീഡന ദൃശ്യങ്ങൾ പകർത്തി ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.

ജോലി വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. 10 വർഷം മുമ്പ് സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിർണാക വെളിപ്പെടുത്തലുകൾ നടത്തിയ വ്യക്തിയാണ് ബാലചന്ദ്രകുമാർ. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച് കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്തെത്തിയത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് നടി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും നടി കത്തയച്ചിട്ടുണ്ട്. കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്നാണ് നടി കത്തിൽ പറയുന്നത്.