തിരുവനന്തപുരം: കേന്ദ്ര -സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആസൂത്രിതമായി കുഴിച്ചുമൂടിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കിൽ ശിവശങ്കറിനും സ്വപ്നയ്ക്കുമൊപ്പം പിണറായി വിജയനും ജയിലിൽ പോകേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സ്വർണക്കടത്തു കേസ് ഒത്തുതീർപ്പാക്കിയത്. അരക്കിട്ടുറപ്പിച്ച ബിജെപി- സിപിഎം ബന്ധമാണ് ഒത്തുതീർപ്പിനു വഴിയൊരുക്കിയത്. പിണറായി വിജയനെ കേസിൽ നിന്നൂരാൻ മാത്രമല്ല, വീണ്ടും അധികാരത്തിലേറാനും ബിജെപി സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ജയിലെ ശബ്ദരേഖയിലെ ഗൂഢാലോചന, സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ വകുപ്പിൽ ജോലി, അവരുടെ ഭർത്താവിന് കെ ഫോണിൽ ജോലി, സ്വർണ്ണക്കടത്ത് കേസ് രജിസ്റ്റർ ചെയ്ത ശേഷം കേരളം വിടാൻ മുഖ്യപ്രതികളെ സഹായിച്ചത്,സ്വർണ്ണക്കടത്ത് കേസിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ടത്, നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കർ നടത്തിയ ഇടപെടലുകൾ എന്നിവയ്ക്കു പുറമെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുത്തത് തുടങ്ങിയവയെല്ലാം മുഖ്യമന്ത്രിയിയുടെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശിവശങ്കർ മുഖ്യമന്ത്രിയുടെ ഉപകരണം മാത്രമായിരുന്നുവെന്നും സുധാകരൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയിലേക്ക് സംശയം നീളാനുള്ള നിരവധി സംഭവങ്ങളാണ് സ്വപ്ന പുതുതായി വെളിപ്പെടുത്തിയത്. ഒരു പെറ്റിക്കേസു പോലും മുഖ്യമന്ത്രിക്കെതിരേ ഉണ്ടായിട്ടില്ല. പുതിയ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തിൽ സിനിമാനടൻ ദിലീപിനെതിരേ പുനരന്വേഷണം നടക്കുന്നതുപോലെ സ്വർണക്കടത്തു കേസിൽ പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം ശിവശങ്കറിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. അശ്വത്ഥമാവ് വെറും ഒരാന എന്ന പുസ്തകത്തിലൂടെ തന്നെയും സർക്കാരിനെയും വെള്ളപൂശുകയാണ് ശിവശങ്കർ ചെയ്തത്. ചട്ടങ്ങൾക്ക് വിരുദ്ധമായി എഴുതപ്പെട്ട പുസ്തകത്തിന്റെ ഗ്രന്ഥകർത്താവിനെതിരേ കണ്ണടച്ചതുകൊണ്ട് പുസ്തകവും തിരക്കഥയുടെ ഭാഗമാണെന്നു സംശയിക്കാമെന്നും അദ്ദേഹം ആരോപിക്കുന്നു. പുസ്തകമെഴുതിയതിന്റെ പേരിൽ രാജു നാരായണ സ്വാമി ഐഎഎസിനും ജേക്കബ് തോമസ് ഐപിഎസിനും എതിരെ നടപടി സ്വീകരിച്ചവരാണ് ശിവശങ്കറിന് സംരക്ഷണവലയം തീർക്കുന്നതെന്നും ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്ന് കേരള ജനതയ്ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

