അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്തകളിൽ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് നടി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് ആക്രമിക്കപ്പെട്ട നടി. നടിയെ ആക്രമിച്ച കേസിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്തകളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് നടി കത്ത് നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും നടി കത്തയച്ചിട്ടുണ്ട്. കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്നാണ് നടി കത്തിൽ പറയുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വിചാരണ കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്നായിരുന്നു വാർത്ത. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ ചോർന്നതായുള്ള വാർത്ത പുറത്തു വന്നത്.